തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ അപകടകരമായ വിധത്തിൽ സഞ്ചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജന് സസ്പെൻഷൻ. സംഭവത്തിൽ ഐജിയുടെ ഡ്രൈവറായ പോലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം വൈദ്യപരിശോധന നടത്തി ഇരുവർക്കെതിരേയും അന്വേഷണം നടത്തി. ഐജി ജയരാജ് മുൻപ് ട്രെയിൻ യാത്രയ്ക്കിടെ അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.