തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നൽകുകയും പദവി ദുരുപയോഗം ചെയ്തു കേസുകളിൽ സഹായിക്കുകയും ചെയ്ത ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു. മോൻസനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രേഖകൾ സഹിതം ക്രൈംബ്രാഞ്ച് അധികൃതർ, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മണിനെതിരേ നടപടിയെടുക്കാൻ ഡിജിപി മുഖ്യമന്ത്രിക്ക് ശിപാർശ നൽകി. ഇതിനു പിന്നാലെ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്.
മോൻസനെതിരായ 6.5 കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസന്റെ ഇഷ്ടക്കാരനായ സിഐ ശ്രീകുമാറിന് അന്വേഷണ ചുമതല കൈമാറാൻ ഐജി ലക്ഷ്മണ് വഴിവിട്ട് ഇടപെട്ടതിനെത്തുടർന്ന് എഡിജിപി മനോജ് ഏബ്രഹാം ലക്ഷ്മണിന് മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു.
ട്രാഫിക് ഐജിയായിരിക്കേ അധികാര പരിധിക്കു പുറത്തുള്ള വിഷയത്തിൽ ഇടപെട്ടതിനായിരുന്നു ശാസന. മോൻസന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ലക്ഷ്മണനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഹൈദരാബാദിൽ നിന്ന് കോടികളുടെ നോട്ടുകൾ ഡൽഹിയിലെത്തിക്കാനും കേസുകൾ ഒതുക്കാനും ഐജി ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൻ അവകാശപ്പെടുന്ന വീഡിയോ- ഓഡിയോ ദൃശ്യങ്ങൾ പുറത്തായിരുന്നു.
മോൻസനെതിരേ പരാതി നൽകുന്നവരുടെ ഫോണ് വിളി രേഖകൾ (സിഡിആർ) ശേഖരിച്ച് കൈമാറിയതിലും ഐജിക്ക് പങ്കുണ്ടെന്നാണ് സൂചന. ജീവനക്കാരെ സൂക്ഷിക്കണമെന്ന് ഐജി മോൻസന് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ നേരത്തേ പുറത്തായിരുന്നു.
ഫോണ് രേഖകൾ ദുരുപയോഗം ചെയ്യുന്നത് അഞ്ചു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മോൻസനെതിരെ പരാതി നൽകിയവരെ സിഐ ശ്രീകുമാർ വിരട്ടിയതിന്റെയും പരാതികൾ ഒതുക്കിയതിന്റെയും വിവരങ്ങളും പുറത്തായിരുന്നു.