തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റതു മുതൽ ഏറ്റവും അധികം വിമർശനം കേട്ടിരിക്കുന്നത് സംസ്ഥാനത്തെ പോലീസുകാരും ആഭ്യന്തരവകുപ്പുമാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ജിഷ്ണു കേസും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും നടിയെ ആക്രമിച്ച കേസും ഒക്കെ ഇതിൽ ചിലത് മാത്രം.എന്നാൽ പോലീസിന്റെ തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ മന്ത്രിമാരെയോ അവരുടെ വകുപ്പുകളെക്കുറിച്ചോ പോലും അറിവില്ലെന്നതാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം ഇന്റലിജൻസ് മേധാവി ഐജി മുഹമ്മദ് യാസിനാണ്. കക്ഷി രാവിലെ കൃഷിമന്ത്രി വി.എസ്.സുനിൽകു മാറിനെ കാണാൻ ഇറങ്ങി. നേരെ പോയത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്റെ അടുത്തേയ്ക്ക്. അപ്പോൾ വിചാരിക്കും സ്ഥലം മാറിപ്പോയതാണെന്ന്.എന്നാൽ അങ്ങനെയല്ല… ഇന്റലിജൻസ് മേധാവി വന്നതറിഞ്ഞ് കാണാൻ എത്തിയ മന്ത്രി ചന്ദ്രശേഖരനോട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ചോദ്യം വന്നു. മന്ത്രി സുനിൽകുമാറല്ലേ…
ചോദ്യം കേട്ട് മന്ത്രിക്ക് തന്നെ സംശയം തോന്നിക്കാണുമോ ഇനി താൻ സുനിൽകുമാറാണോ എന്ന്… കാരണം ചോദ്യം ചോദിക്കുന്നത് സംസ്ഥാനത്തെ ഇന്റലിജൻസ് മേധാവിയാണെന്നത് മറക്കരുത്.പോലീസ് വരുത്തിയ നാണക്കേടുകൾ പരിഹരിക്കാൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടെങ്കിൽ, ആദ്യം മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും കുറിച്ച് എല്ലാ മൂത്ത ഏമാൻമാർക്കും പഠിപ്പിച്ചുകൊടുക്കുന്നത് നന്നായിരിക്കുമെന്നാണ് ഇന്നത്തെ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
രാവിലെ 7.30 ഓടെയാണ് പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. അദ്ദേഹം മറ്റൊരു മന്ത്രിയെ കാണാൻ വന്നതാണെന്നും ഇന്റലിജൻസ് മേധാവിക്ക് ഇത്തരത്തിൽ തെറ്റുപറ്റുന്നത് നാണക്കേടാണെന്നും മന്ത്രി ചന്ദ്രശേഖരൻ പ്രതികരിച്ചു.