തിരുവനന്തപുരം:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ ആക്രമണക്കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെത്തേടി കേരളാ പോലീസ് ഓസ്‌ട്രേലിയയിലേക്ക്. ലോക്കല്‍ പൊലീസിനെ വട്ടംചുറ്റിച്ച കേസില്‍ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിനു കൈമാറി. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് അധോലോകപ്രവര്‍ത്തനം തുടരുന്ന പൂജാരിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്റര്‍പോളിനു ക്രൈംബ്രാഞ്ച് കത്തയച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുമായും ഡിജിപി ബെഹ്‌റ ബന്ധപ്പെട്ടു. കേരളാ പൊലീസിനെ വെല്ലുവിളിച്ച പൂജാരയെത്തേടി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.
അതിനിടെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന പറഞ്ഞു. രവി പൂജാരിക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു കോണില്‍ കിടക്കുന്ന തന്റെ സ്ഥാനപത്തിന് നേരെ വിദേശത്തുള്ള രവി പൂജാരയ്ക്ക് ആക്രമണം നടത്താന്‍ സാധിച്ചെങ്കില്‍ അതിന് പ്രാദേശിക സഹായം ലഭിച്ചതായി സംശയിക്കണം. പൊലീസ് പ്രതികളെ പിടികൂടുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന പറഞ്ഞ നടി തനിക്ക് എതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും ലീന തനിക്ക് പണം തന്നെന്നുമുള്ള തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. ലീന തട്ടിപ്പുകാരിയാണ് അവള്‍ ആളുകളെ കബളിപ്പിക്കും. ലീനയുടെ കേസില്‍ നിന്നും ഒഴിയണമെന്നും അവള്‍ തട്ടിപ്പുകാരിയാണെന്നും അവരുടെ അഭിഭാഷകനോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരുപാടാളുകളില്‍ നിന്നും പണം തട്ടിയെടുത്ത ആളാണ് ലീന അങ്ങനെയൊരാള്‍ എന്തിനാണ് പൊലീസ് സുരക്ഷ തേടുന്നതെന്നാണ് രവി പൂജാരിയുടെ ചോദ്യം.
ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ട്ടിസ്ട്രി’ ബ്യൂട്ടി പാര്‍ലറിനുനേരേ കഴിഞ്ഞ ഡിസംബര്‍ 15-ന് ഉച്ചകഴിഞ്ഞ് 3.45-നാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇടപെടല്‍.
പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പൂജാരിയുടെ സംഘത്തിനു വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. പൂജാരിക്കുവേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്ത കൊച്ചി സംഘവും പ്രബലരാണ്. ഇവരേയും പിടികൂടിയിട്ടില്ല.