കൊച്ചി: പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ ചൂഷണം ചെയ്യാൻ നെത്തുന്ന ജോലി വാഗ്ദാനം ചെയ്തും പുതിയ വരുമാനമാർഗം പരിചയപ്പെടുത്തിയും തട്ടിപ്പുകാർ രംഗത്തെത്താൻ സാധ്യതയുണ്ടെന്നും ഇത്തരക്കാരെ സംഘടിതമായി നേരിടണമെന്നും ഐജി എസ്. ശ്രീജിത്ത്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ചു ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര സമൂഹങ്ങളിൽ കണ്ടുവരുന്ന മനുഷ്യക്കടത്തിനെ സംബന്ധിച്ചു സാമൂഹ്യനീതി വകുപ്പ് ഇന്റർനാഷണൽ ജസ്റ്റീസ് മിഷൻ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നു പത്തടിപ്പാലം ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഐജി. കൗമാരപ്രായക്കാരും യുവാക്കളും യുവതികളുമാണ് ഇത്തരം തട്ടിപ്പുകൾക്കു കൂടുതൽ ഇരകളാകുന്നത്.
വിശ്വസനീയമായ രീതിയിലായിരിക്കും വിവിധ പേരുകളിൽ തട്ടിപ്പുകാർ ദുരന്തബാധിത പ്രദേശങ്ങളിൽ അവതരിക്കുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു പുതിയ ജീവിതമാർഗം വാഗ്ദാനം ചെയ്താണ് ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുക. ഇത്തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് ലോകത്തിലെ വിവിധ ദുരന്ത മേഖലകളിലുള്ളവർ ഇരകളായിട്ടുണ്ടെന്ന് ഐജി ചൂണ്ടിക്കാട്ടി.
ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ നാഷണൽ ഡയറക്ടർ റിട്ട. കമാൻഡർ അശോക് വി.എം. കുമാർ,സാമൂഹ്യപ്രവർത്തക ഡോ. സുനിത കൃഷ്ണൻ, സാമൂഹികനീതി-വനിത-ശിശു വികസന സെക്രട്ടറി ബിജു പ്രഭാകർ, വനിതാ ശിശു വികസന ഡയറക്ടർ ഷീബാ ജോർജ്, ജില്ല സാമൂഹിക നീതി ഓഫീസർ ഗീതാകുമാരി, ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ. എം. ദേവസിത്തം, റിസേർച്ച് അസോസിയേറ്റ് ഡോ. വിജോ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.