തിരുവനന്തപുരം: എലത്തൂർ തീവയ്പ് കേസിലെ പ്രതിയെ അതീവ രഹസ്യമായി രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ശിപാർശ.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ശിപാർശ നൽകിയത്. ഇത് രണ്ടാം തവണയാണ് ഐജി പി.വിജയനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നത്.
സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമാവില്ലെന്നും മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ ശിപാർശയിൽ പറയുന്നു.
റിപ്പോർട്ടിൽ ഇനി മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക.മെയ് 18നാണ് ഐജി പി വിജയനെ സസ്പെന്റ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാഞ്ഞിട്ടും എലത്തൂർ തീവെപ്പ് കേസിലെ പ്രതിയെ കൊണ്ടുവന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പി.വിജയൻ ബന്ധപ്പെട്ടത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നായിരുന്നു എഡിജിപി എം.ആർ.അജിത്ത് കുമാർ നൽകിയ റിപ്പോർട്ട്.
ആരോപണങ്ങൾ നിഷേധിച്ച് പി.വിജയൻ സർക്കാർ നോട്ടീസിന് മറുപടി നൽകിയിരുന്നു.