ഇഗ്ലു എന്ന മഞ്ഞ് വീടിനേക്കുറിച്ച് കേട്ടിട്ടുള്ള അറിവ് മാത്രമേ പലര്‍ക്കും കാണുകയുള്ളു. ഇഗ്ലുവിനേക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം ഒരിക്കലെങ്കിലും അതില്‍ ഒന്ന് താമസിക്കണമെന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. അതിനു വേണ്ടി ഇനി അന്റാര്‍ട്ടിക്കയിലോ ഗ്രീന്‍ലാന്റിലോ പോകേണ്ട, മണാലിയിലേക്ക് പോയാല്‍ മതി. ഇന്ത്യയില്‍ ആദ്യമായി ഒരു ഇഗ്ലൂ ഹോട്ടല്‍ മണാലിയില്‍ പ്രനിയിലെ സേഥാന്‍ ഗ്രാമത്തില്‍ തുടങ്ങിയിരിക്കുകയാണ്. എസ്‌കിമോകള്‍ എന്നറിയപ്പെടുന്ന മഞ്ഞില്‍ ജീവിക്കുന്ന മനുഷ്യര്‍ താമസിക്കാനായി മഞ്ഞുകട്ടകള്‍ കൊണ്ട് ഡോം ആകൃതിയില്‍ നിര്‍മ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ എന്നറിയപ്പെടുന്നത്. ഇന്യൂയിറ്റ് ഭാഷയില്‍ ഇഗ്ലൂ എന്ന വാക്കിന് മഞ്ഞുവീട് എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെ മണാലി സെന്‍ട്രലെ നിന്ന് കുറച്ച് ദൂരം താണ്ടിയാല്‍ ഇഗ്ലൂ ഹോട്ടല്‍ എത്തും.
കീലിംഗ ഹിമാലയന്‍ അഡ്വഞ്ചേഴ്‌സ് കമ്പനി ഉടമകളായ വികാസ് കുമാറും, താശി ദോര്‍ജും ചേര്‍ന്നാണ് വിദേശരാജ്യങ്ങളില്‍ നടത്തിവരുന്ന ഈ ആശയം ഇന്ത്യയിലേക്ക് എത്തിച്ചത്. സ്‌റ്റേ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലില്‍ മേശ, കസേരകള്‍, വൈദ്യുതവിളക്കുകള്‍ എന്നീ സൗകര്യങ്ങളോട് കൂടിയ രണ്ട് മഞ്ഞ് വീടുകളാണ് ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്ക് അത്താഴം, പ്രത്യേക വസ്ത്രങ്ങള്‍, സ്‌കീയിങ് കിറ്റ് എന്നിവയും ഇവിടെ പ്രദാനം ചെയ്യുന്നു. താമസത്തിനു പുറമെ, മഞ്ഞില്‍ കളിക്കാനുളള മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. സ്‌കീയിംഗ്, ട്യൂബ് സ്ലൈഡിങ്ങ്, സ്‌നോ സ്ലെഡ്ജിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്ക് പുറമേ സമുദ്രനിരപ്പില്‍ നിന്ന് 9000 അടി ഉയരത്തിലായി സന്ദര്‍ശകര്‍ക്ക് സ്വന്തമായി ഒരു കൊച്ചു ഇഗ്ലൂ ഉണ്ടാക്കാനും അവസരമുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഇഗ്ലൂകളാണ് നിര്‍മിച്ചത്. സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പില്‍ ഈ ആശയം ഉടന്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് വിപുലമായ രീതിയില്‍ ആരംഭിക്കുമെന്നും താഷി അറിയിച്ചു. തടിയോ മറ്റ് നിര്‍മാണവസ്തുക്കളോ ഒന്നും ഈ പ്രകൃതിദത്ത ഭവനത്തിന് ആവശ്യമില്ല, താശി വിശദീകരിച്ചു. ഇഗ്ലൂവില്‍ താമസിക്കുന്നവര്‍ക്ക് പ്രകൃതിയോട് ചേര്‍ന്നിരിക്കുന്ന അനുഭവമാണ് ലഭിക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് മനസില്‍ തെളിഞ്ഞ ആശയമാണിത്. എന്നാല്‍ അനുകൂലമായ കാലാവസ്ഥ ഇപ്പോഴാണ് ഒത്തുവന്നത്. കാലാവസ്ഥ മാറി ചൂടായാല്‍ മഞ്ഞു വീടുകള്‍ ഉരുകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഇഗ്ലൂ വീട്ടില്‍ ഒരു രാത്രി താമസിക്കാന്‍ 5,600 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. വിനോദങ്ങളില്‍ താത്പര്യമില്ലാത്തവര്‍ക്ക് താമസത്തിന് മാത്രം ഒരു രാത്രി 4,600 രൂപ കൊടുത്താല്‍ മതിയാവും.
രണ്ട് രാത്രി ഇഗ്ലൂവില്‍ താമസിക്കുന്നതിനും മഞ്ഞുമലയിലെ ട്രക്കിങ്ങിനും കൂടി 6,800 രൂപയാണ് ചെലവ് വരുക. റിസര്‍വേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, ഒട്ടും വിഷമിക്കേണ്ട. ഇഗ്ലൂവിന് ചുറ്റും പകല്‍ കളിച്ചുല്ലസിക്കാനും വിനോദങ്ങള്‍ക്കും വേറെയും സൗകര്യമുണ്ട്. ഇതിനായി ഒരു ദിവസം 2,700 രൂപയാണ് ചെലവ് വരുക. ഇഗ്ലൂ ഹോട്ടലില്‍ സാധാരണ താപനിലയിലും വളരെ താഴ്ന്നതായതിനാല്‍ അതിനനുസരിച്ചുളള വസ്ത്രങ്ങളും കൈയ്യില്‍ കരുതണം. സ്വന്തം വാഹനം ഇല്ലാതെ എത്തുന്നവര്‍ക്ക് ചാര്‍ജ് നല്‍കിയാല്‍ വാഹന സൗകര്യം ലഭ്യമാണ്. സ്വന്തം കാറിന് എത്തുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് എടുക്കണം. ഇഗ്ലൂവില്‍ എത്താനായി മണാലിയില്‍ നിന്ന് സെതാന്‍ ഗ്രാമത്തിലെത്തി അവിടെ നിന്ന് 20 മിനിറ്റ് ട്രക്കിങ്ങും നടത്തണം. ഫെബ്രുവരി കഴിഞ്ഞാല്‍ ഇഗ്ലുവില്‍ താമസിക്കാന്‍ ഈ വര്‍ഷാവസാനമാവാന്‍ കാത്തിരിക്കേണ്ടിവരും. കാരണം ശൈത്യകാലത്ത് മാത്രമേ ഈ മഞ്ഞുവീട് അവിടെയുണ്ടാകൂ.