തൃശൂർ: വെറും നാലുമിനിറ്റ് കൈകൊണ്ട് തിരിച്ചു പ്രവർത്തിപ്പിച്ചാൽ മൂന്നുമണിക്കൂർ നേരത്തേക്ക് എൽഇഡി വിളക്കും മൊബൈൽഫോണും റേഡിയോയും ചാർജ് ചെയ്യാവുന്ന സംവിധാനമൊരുക്കി കുരിയച്ചിറ സ്വദേശിയായ ഇഗ്നേഷ്യസ്. ഹാൻഡ് ജനറേറ്റിംഗ് ചാർജർ എന്നാണ് ഈ കണ്ടുപിടിത്തത്തിന്റെ പേര്.
മൊബൈൽ ചാർജിംഗ്, എമർജൻസി ലൈറ്റ്, റേഡിയോയ്ക്ക് 6 വി കണക്ടർ എന്നിവ അടങ്ങുന്ന ഒരു ബോക്സാണിത്. ഇതിൽ നാലാമതായി ഒരു ഡിസി ചാർജിംഗ് ഡൈനാമോ കൂടിയുണ്ട്. ഓരോന്നും ചാർജ് ചെയ്യാൻ കണക്ട് ചെയ്യുന്നതിനു മുന്പായി ബോക്സിന്റെ പിറകിലുള്ള ഹാൻഡിൽ ഇടത്തോട്ട് രണ്ടുമുതൽ നാലുമിനിറ്റ് വരെ കറക്കണം.
വൈദ്യുതി ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ബോക്സിന് മുകളിലുള്ള പ്രസ് ബട്ടൺ അമർത്തിയാൽ അതിനു തൊട്ടുള്ള എൽഇഡി ബൾബ് പ്രകാശിക്കുന്നതു കാണാം. അതിനുശേഷം ബോക്സിനു താഴേയുള്ള ചാർജിംഗ് സ്വിച്ച് ഓണ് ചെയ്യണം. തിരിക്കുന്ന സമയം കഴിഞ്ഞാൽ ഈ സ്വിച്ച് ഓഫ് ചെയ്യാം.
മൂന്നേകാൽ കിലോയാണ് ഈ ബോക്സിന്റെ ഭാരം. എമർജൻസി ലൈറ്റ് മൂന്നു മണിക്കൂറും, സ്ലീപ്പിംഗ് ലൈറ്റ് എട്ടു മണിക്കൂറും മൊബൈൽ രണ്ടരമണിക്കൂർ ഫുൾ ചാർജ് എന്നിങ്ങനെയാണ് പ്രവർത്തിപ്പിക്കാൻ കഴിയുകയെന്ന് ഇഗ്നേഷ്യസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നാലായിരം രൂപയാണ് ആകെ നിർമാണച്ചെലവ് വന്നത്. പേറ്റന്റ് ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവാക്കണം. അതിനു കഴിയാത്തതിനാൽ പേറ്റന്റിനു ശ്രമിക്കുന്നില്ല. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതായതു പ്രളയകാലത്തു രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
ഈ ചിന്തയാണ് പുതിയ കണ്ടുപിടിത്തത്തിലേയ്ക്ക് എത്തിച്ചതെന്ന് ഇഗ്നേഷ്യസ് പറഞ്ഞു. കുരിയച്ചിറയിൽ സൗണ്ട് സംവിധാനം നടത്തുന്ന ഇഗ്നേഷ്യസ് നിരവധി കണ്ടുപിടിത്തങ്ങൾ മുന്പും നടത്തിയിട്ടുണ്ട്.