തൃശൂർ: ഒല്ലൂരിനെ തീരാദുഃഖത്തിലാഴ്ത്തി ഇഗ്നി റാഫേൽ മരണത്തിനു കീഴടങ്ങിയപ്പോൾ മൺമറയുന്നതു ഭാര്യയോടൊപ്പം ഒരുമിച്ചുകഴിയാനുള്ള സ്വപ്നം. യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിൻസി പരിക്കുകളോടെ അവിനാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രവാസിയായ ഇഗ്നി റാഫേൽ പത്തുദിവസം മുമ്പാണു നാട്ടിലെത്തിയത്. ഭാര്യ ബിൻസി നാട്ടിൽതന്നെയായിരുന്നു – ഇഗ്നിയുടെ വീട്ടിൽ. നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ ബിൻസിയെയും സൗദിയിലേക്കു കൊണ്ടുപോകാനും അവിടെ ഒരു ജോലിക്കു ശ്രമിക്കാനുമാണ് ഇഗ്നി ഒരു മാസത്തെ അവധിക്ക് എത്തിയത്.
സൗദിയിലെ ഷിപ്പിംഗ് കോർപ്പറേഷനിലായിരുന്നു ഇഗ്നിക്കു ജോലി. നാലുവർഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടുപേരും രണ്ടിടത്തായി കഴിയുകയായിരുന്നതിനാൽ, ബിൻസിക്കുകൂടി സൗദിയിൽ ജോലി ശരിയാക്കാൻ ശ്രമിച്ചുവരികയായിരുന്നു.
ബംഗളൂരുവിൽ ബിൻസി പഠിച്ച നഴ്സിംഗ് കോളജിൽനിന്നു സർട്ടിഫിക്കറ്റുകൾ വാങ്ങുക എന്നതായിരുന്നു, ഒല്ലൂരിലെ സ്വന്തം വീട്ടിൽനിന്നു ബുധനാഴ്ച പുറപ്പെടുമ്പോഴുണ്ടായിരുന്ന ലക്ഷ്യം.
ഡിഗ്രി പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി വിദേശത്ത് ജോലിക്ക് അപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. നോർക്കവഴി നിയമനം ലഭിച്ചാൽ ഇഗ്നിക്കൊപ്പം ബിൻസിക്കും പോകാനാവുമായിരുന്നു.
സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴായിരുന്നു അവരുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞ വാഹനാപകടം. അപകടത്തിൽ ഇഗ്നി തൽക്ഷണം മരിച്ചു. ബിൻസി ഗുരുതരമായ പരിക്കുകളോടെ അവിനാശി സർക്കാർ ആശുപത്രിയിലാണ്.
തലയ്ക്കാണ് ബിൻസിക്കു പരിക്കേറ്റിരിക്കുന്നത് . “” ഇഗ്നി റാഫേൽ എന്ന പേരു കേട്ടപ്പോൾ ആദ്യം സംശയം തോന്നി. വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ ഇഗ്നിയും ബിൻസിയും ബംഗളൂരുവിലേക്കു പോയി എന്നാണ് അറിഞ്ഞത്.
പിന്നീട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് മരിച്ചതു സ്വന്തം നാട്ടുകാരൻതന്നെയെന്നു വ്യക്തമായത്” – സ്ഥലത്തെ പൊതുപ്രവർത്തകർ അതീവ ദുഃഖത്തോടെ പറഞ്ഞു. പുലർച്ചെ എത്തിയ ദുരന്തവാർത്ത ഏല്പിച്ച ആഘാതത്തിൽനിന്ന് ഒല്ലൂർ ഇതുവരെ മോചിതമായിട്ടില്ല.