മുക്കം : നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനാനുമതി കാത്ത് വിദ്യാഭ്യാസ സ്ഥാപനം. കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിലെ ഐഎച്ച്ആര്‍ഡി കോളജ് എന്നറിയപ്പെടുന്ന അപ്ലൈഡ് സയന്‍സ് കോളജാണ് ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുന്നത്. കാരശേരി പഞ്ചായത്തിലെ തോട്ടക്കാട് എന്ന സ്ഥലത്ത് രണ്ടര കോടി രൂപ മുടക്കിയാണ് ഒന്‍പത് ക്ലാസ് മുറികളും ഓഫീസ്, ലൈബ്രറി, ലാബ് തുടങ്ങിയ അനുബന്ധസൗകര്യങ്ങളുമടങ്ങിയ ഇരുനില കെട്ടിടം നിര്‍മിച്ചത്.
നിര്‍മാണ ജോലി പൂര്‍ത്തിയായിട്ട് 40 മാസം പിന്നിടുകയാണ്. ഇതിനിടയില്‍ ഒരുദിവസം പോലും ഈ കെട്ടിടത്തില്‍ കോളജ് പ്രവര്‍ത്തിച്ചില്ല. കെട്ടിടത്തിന്റെ ഉടമ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും നിര്‍മാണം നടത്തിയത് മറ്റൊരു വകുപ്പായ പൊതുമരാമത്ത് വകുപ്പുമായതിനാല്‍ ചട്ടങ്ങളും നടപടിക്രമങ്ങളുമൊന്നും ആരുമത്ര ഗൗനിച്ചില്ല. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഏഴു കിലോമീറ്റര്‍ അകലെ നിര്‍മിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനാലോചിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
തദ്ദേശ ഭരണ സ്ഥാപനമായ കാരശേരി പഞ്ചായത്ത് പ്ലാന്‍ അംഗീകരിക്കുകയോ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. സ്വാഭാവികമായും പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ നിന്ന് വ്യതിചലിച്ചാണ് നിര്‍മാണം നടത്തിയതെന്ന് അവര്‍ എളുപ്പം കണ്ടെത്തി.അത് പരിഹരിക്കാതെ കെട്ടിടത്തിന് നമ്പര്‍ നല്‍കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട് .
വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകേണ്ടതുമുണ്ട്. കോളജ് ആരംഭിച്ച കാലം മുതല്‍ പ്രവര്‍ത്തിക്കുന്നത് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കാരശേരി പഞ്ചായത്താഫീസിനടുത്തുള്ള ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് .ഡിഗ്രി കോഴ്സിന്റെ മൂന്നു ബാച്ചുകളിലായി 120 ഓളം വിദ്യാര്‍ഥികളാണ് പരിമിതികള്‍ സഹിച്ച് ഇവിടെ പഠനം തുടരുന്നത്.
തടസം അനാസ്ഥയെന്ന്
ഐഎച്ച്ആര്‍ഡി കോളജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിലുള്ള കാലതാമസം പഞ്ചായത്ത് പ്രസിഡന്റിന്റ്്െയും എംഎല്‍എയുടെയും കഴിവുകേടിന്റെ തെളിവാണെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെകട്ടിയും കാരശേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സെയ്ത് ഫസല്‍ ആരോപിച്ചു. വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കാരശേരിപഞ്ചായത്ത് പ്രസിഡന്റ് ഇപ്പോള്‍ചെയ്യുന്നത്.
എന്നാല്‍ വസ്തുതകളറിയുന്ന നാട്ടുകാരെ കബളിപ്പിക്കാനാവില്ല. കോളജ് പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകും.ഐഎച്ച്ആര്‍ഡി കോളജുമായി പഞ്ചായത്തിന് യാതൊരു ബന്ധവും അധികാരാവകാശങ്ങളും ഇല്ലെന്നും കെട്ടിടമാറ്റത്തില് ഇടപെടാന്‍ സാധ്യമല്ലെന്നും വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചവര്ക്ക്എംഎസ്എഫിന്റെയും, യൂത്ത് ലീഗിന്റെയും യുഡിഎഫിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു.
സമരം ശക്തമാകുമെന്നു കണ്ടപ്പോളാണ് കോളജ് ഉടനെ മാറ്റാന്‍ സംവിധാനമുണ്ടാക്കാമെന്നു പറയുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന വാദം ശരിയല്ല. .കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് സൗജന്യമായി ലഭിച്ച ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം പൂര്‍ണ്ണമായും സര്‍ക്കാറിന് കൈമാറിയതാണ്.
ഇതിനു ശേഷമാണ് അന്നത്തെ എംഎല്‍എ, സി.മോയിന്‍കുട്ടി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം രണ്ട് ഘട്ടമായി രണ്ടര കോടി രൂപ അനുവദിച്ചത്. കെട്ടിടനിര്മാണത്തിന്റെമേല്നോട്ടം വഹിച്ചത് പിഡബ്ലുഡി എൻജിനയര്മാരുമാണ്. നിര്‍മാണ സാമഗ്രികള്‍ അവിടെ എത്തിക്കാന്‍ ആവശ്യമായ റോഡ് അന്നത്തെ യുഡിഎഫ് ഭരണ സമിതി ഗതാഗത യോഗ്യമാക്കിയതാണ്.
എന്നാല്‍ കോളജ് മാനദണ്ഡപ്രകാരം ആവശ്യമുള്ള റോഡ് നിര്‍മാണം നടത്തേണ്ടത് പ്രദേശിക ഭരണകൂടത്തിന്റെ ഉത്തരാവാദിത്തമാണ്. ആവശ്യമെങ്കില്‍ സ്ഥലം അക്വയര്‍ ചെയ്യാനും വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ പ്രത്യേക ഉത്തരവിലൂടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാരിനു സാധിക്കും. വൈദ്യുതി കണക്ഷന് നല്‍കാനുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ വരെ സ്ഥാപിച്ചു കഴിഞ്ഞതാണ് .വെളളം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ബാലിശമായ വാദങ്ങള്‍ നിരത്തുകയാണ്.
മുന്‍ എല്‍ഡിഎഫ് ഭരണ സമിതിയുടെ കാലത്ത് പാറത്തോട്ടില്‍ വിലയ്ക്കു വാങ്ങിയ സ്ഥലം ക്വാറി മാഫിയകള്‍ക്കു മറിച്ചുവില്‍ക്കുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് അന്ന് പഞ്ചായത്ത് ഭരണത്തിനു നേതൃത്യം നല്കിയ സിപിഎം തന്നെ ആണ്. തോട്ടക്കാടില്‍ കെട്ടിടം നിര്‍മിച്ച സ്ഥലം ഏറ്റെടുക്കുന്നതു സംബസിച്ച കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ജനപ്രതിനിധികളാരും എതിര്‍ക്കുകയോ ദിന്നാഭിപ്രായം അറിയിക്കുകയാ ചെയതിട്ടില്ല . മൈസുര്മലയിലെ സ്ഥലത്തിന്റെ യാതൊരു വിവരമോ രേഖകളൊ പഞ്ചായത്തില്‍ ഇല്ലായിരുന്നു. ഐഎച്ച്ആര്‍ഡിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്താനും ക്വാറി മുതലാളിമാരെ സംരക്ഷിക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.