ചെറുതോണി: ഇടുക്കി അണക്കെട്ടിനു മുകളിൽ നിന്ന് മൊബൈലിൽ അണക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്തിയത് തടഞ്ഞ സിവിൽ പോലീസ് ഓഫീസറെ യുവതി മർദ്ദിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും.
അണക്കെട്ടിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിന് യുവതിയുടെ മർദ്ദനമേൽക്കേണ്ടിവന്ന സംഭവം വിവാദമായതോടെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ അന്വേഷണം സ്പെഷൽ ബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഇടുക്കി ഡാമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരനെ യുവതി കൈയേറ്റം ചെയ്ത സംഭവത്തിൽ ഇടുക്കി സിഐ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നിരുന്നു.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശരത് ചന്ദ്രബാബു പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നാരകക്കാനത്ത് വിവാഹച്ചടങ്ങിനെത്തിയ സംഘത്തിൽപെട്ട യുവതിയാണ് പോലീസുകാരനെ മർദ്ദിച്ചത്. പോലീസുകാരൻ പരാതി പറഞ്ഞെങ്കിൽ ഇവരെ സിഐ ഓഫീസിൽ വിളിച്ചു വരുത്തി കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു.
സംഭവത്തിൽ ജില്ലയിലെ പോലീസുകാർക്കിടയിൽ അതൃപ്തിയും ഉണ്ടായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ഫോട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ചെറുതോണിയിൽ പാലവും റോഡും തകർന്നതിനാലാണ് അണക്കെട്ടിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. വാഹനങ്ങൾ ഡാമിനു മുകളിൽ നിർത്താനോ ഫോട്ടോയെടുക്കാനോ പാടില്ല.
പോലീസ് അറിയാതെ പലരും അണക്കെട്ടിനു മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് പതിവാക്കിയിരുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.