ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 2019-2023 ബാച്ചിലെ 21 കാരനായ അനിൽ കുമാർ എന്ന വിദ്യാർഥിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്.
വൈകുന്നേരം ആറ് മണിയോടെയാണ് ആത്മഹത്യയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. 2019-2023 സെഷനിൽ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗിൽ ബിടെക് പഠിക്കുകയായിരുന്നു അനിൽ. കാമ്പസിലെ വിന്ധ്യാഞ്ചൽ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥി ചില വിഷയങ്ങൾ പൂർത്തിയാക്കാത്തതിനാൽ എക്സ്റ്റൻഷനിലായിരുന്നു.
ആറ് മാസത്തെ എക്സ്റ്റൻഷനിൽ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു ഇയാൾ. ഹോസ്റ്റൽ നിയമമനുസരിച്ച് ജൂൺ മാസത്തിൽ അനിൽ തന്റെ ഹോസ്റ്റൽ മുറി ഒഴിയേണ്ടതായിരുന്നു. എന്നിരുന്നാലും, ചില വിഷയങ്ങളിൽ യോഗ്യത നേടാൻ കഴിഞ്ഞില്ല. തീർപ്പാക്കാത്ത വിഷയങ്ങൾ പാസാകുവാൻ ആറ് മാസത്തേക്ക് സമയം നീട്ടി നൽകിയിരുന്നു.
അകത്ത് നിന്ന് അടച്ച വാതിൽ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സിഎംഒ ഐഐടി, ചീഫ് സെക്യൂരിറ്റി ഓഫീസർ, ക്രൈം ടീം, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് തുറന്നത്. ഗേറ്റ് പൊളിക്കുന്ന സമയത്ത് ഫോറൻസിക് സംഘവും സ്ഥലത്തുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
അനിലിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.