ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ പരിപാടിയിൽ എംഎ മലയാളം കോഴ്സ് പഠിക്കാൻ രജിസ്റ്റർ ചെയ്ത വിവരം അറിയിക്കാൻ സന്തോഷമുണ്ട്.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റും മറ്റും പരിശോധന നടത്തി രേഖകൾ പ്രോ വൈസ്ചാൻസലർ ഡോ. എസ്.വി. സുധീറിനെ ഏല്പിച്ചു.
ഇതേ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നതിന് എന്റെ അടുത്ത സുഹൃത്തും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻകാല പ്രവർത്തകനും നാടകകൃത്തും പ്രസാധകനുമായ കെ. ഭാസ്കരനും യാദൃച്ഛികമായി അതേസമയം ഇവിടെ എത്തിയിരുന്നത് ആഹ്ളാദകരമായ അനുഭവമായി.
പ്രധാന പഠന-പ്രവർത്തന മേഖല മെഡിക്കൽ-ഉന്നതവിദ്യാഭ്യാസ രംഗങ്ങളായിരുന്നെങ്കിലും ചെറുപ്പം മുതൽ മലയാളഭാഷയും സാഹിത്യവും ഔപചാരികമായി വിദൂരവിദ്യാഭ്യാസ രീതിയിലെങ്കിലും പഠിക്കണമെന്നത് എന്റെ വലിയൊരാഗ്രമായിരുന്നു.
മലയാളം എംഎ ചങ്ങനാശേരി എസ്ബി കോളജിൽനിന്നു പാസായ എന്റെ ജ്യേഷ്ഠൻ കെ.ബി.എം. ഹുസൈൻ കേരള സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകനായിരുന്നു.
എന്റെ ജ്യേഷ്ഠൻ കെ.ബി.എം. ഷാഫിയുടെ മകൾ വിനീത എംഎ മലയാളം ബിരുദധാരിണിയാണ്. ഇപ്പോൾ സെക്കൻഡറി സ്കൂൾ അധ്യാപിക.
മലയാളഭാഷയോടും സാഹിത്യത്തോടും സംസ്കാരത്തോടും ആഭിമുഖ്യം വളർത്തുന്ന കുടുംബാന്തരീക്ഷത്തിലാണു ഞാൻ വളർന്നത്.
മെഡിക്കൽ കോളജിൽനിന്നു വിരമിച്ചശേഷവും പല ഔദ്യോഗിക ചുമതലകളും വഹിക്കേണ്ടിവന്നത് കൊണ്ട് മാറ്റിവയ്ക്കേണ്ടിവന്ന വലിയൊരാഗ്രഹം, സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കയാണ്.
ഭാഷാപണ്ഡിതരായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.കെ. രാജശേഖരൻ തുടങ്ങിയ സുഹൃത്തുക്കളുടെ പ്രോത്സാഹനം ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.