സ്പാനിഷ് ഇതിഹാസ ഫുട്ബോളര് ഇകര് കസിയസ് താന് ഒരു സ്വവര്ഗാനുരാഗിയാണെന്ന് ട്വീറ്റ് ചെയ്തത് കണ്ട് ആരാധകര് എല്ലാം അമ്പരന്നു.
എന്നാല് ട്വീറ്റ് മണിക്കൂറുകള്ക്കുള്ളില് അപ്രത്യക്ഷമാവുകയാണുണ്ടായത്. ‘നിങ്ങള് എന്നെ ബഹുമാനിക്കുമെന്നു കരുതുന്നു, ഞാനൊരു സ്വവര്ഗാനുരാഗിയാണ്’ എന്നായിരുന്നു കസിയസിന്റെ ട്വിറ്റര് ഹാന്ഡിലിലെ കുറിപ്പ്.
ഇതിനു മറുപടിയായി സ്പെയിന് ടീമില് കസിയസിന്റെ സഹതാരവും മറ്റൊരു സ്പാനിഷ് ഇതിഹാസവുമായ കാര്ലോസ് പുയോള് ഇങ്ങനെ കുറിച്ചു ”നമ്മുടെ കഥകള് പറയാനുള്ള സമയമായിരിക്കുന്നു, ഇകര്”.
എന്നാല് പുയോളിന്റെ ട്വീറ്റും അല്പ്പ സമയത്തിനുള്ളില് കാണാതായി. തന്റെ ട്വിറ്റര് ആരോ ഹാക്ക് ചെയ്തതായും എല്ജിബിടി വിഭാഗത്തോടു ക്ഷമ ചോദിക്കുന്നതായും കസിയസ് പിന്നീടു ട്വിറ്ററില് കുറിച്ചു.
”അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ഭാഗ്യത്തിന് എല്ലാം പഴയപോലെയുണ്ട്. എന്നെ പിന്തുടരുന്നവരോടെല്ലാം ക്ഷമ ചോദിക്കുന്നു. തീര്ച്ചയായും എല്ജിബിടി വിഭാഗത്തോടും മാപ്പു ചോദിക്കുന്നു” കസിയസ് സ്പാനിഷില് ട്വിറ്ററില് കുറിച്ചു.
എന്നാല് കസിയസിനെതിരേ വിമര്ശനവുമായി ചില സ്വവര്ഗാനുരാഗികള് രംഗത്തെത്തിയിട്ടുണ്ട്. ഫുട്ബോള് മേഖലയില് നിന്ന് ഇത്തരത്തിലൊരു പരിഹാസം നേരിട്ടതില് ആശങ്കയുണ്ടെന്നായിരുന്നു സ്വവര്ഗാനുരാഗിയെന്ന് മുമ്പു തന്നെ വെളിപ്പെടുത്തിയിട്ടുള്ള ഓസ്ട്രേലിയന് ഫുട്ബോളര് ജോഷ്വാ കാവല്ലോ പ്രതികരിച്ചത്.