ചാലക്കുടി: നോർത്ത് ജംഗ്ഷനിലെ ഇടശേരി ജ്വല്ലറി കൊള്ളയടിച്ച കുപ്രസിദ്ധ കൊള്ളസംഘം ഉദുവ ഹോളിഡേ റോബേഴ്സ് സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. കൊള്ളസംഘത്തിലെ പ്രധാനിയായ സാഹിബ് ഗഞ്ച് ജില്ലയിലെ ഉദുവ പലാഷ്ഗച്ചി സ്വദേശി ഇക്രമുൾ ഷേക്ക്(42) എന്ന ഗറില്ലാ ഇക്രമുള്ളിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി.
കവർച്ചക്കുശേഷം ബംഗ്ലാദേശിലേക്ക് കടന്ന ഇക്രമുൾഷേക്ക് കേരള പോലീസ് സംഘം തിരികെ പോയിയെന്ന് കരുതി ഈമാസമാദ്യം ജാർഖണ്ഡിൽ തിരികെ എത്തി. പിയാർപ്പൂരിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ ഗംഗാനദിയിലെ ഒരു ദ്വീപിലേക്ക് താമസം മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ എം.പി.മുഹമ്മദ് റാഫി, എസ്ഐ ജയേഷ് ബാലൻ, അസിസ്റ്റന്റ് എസ്ഐ വി.എസ്.വത്സകുമാർ, എഎസ്ഐമാരായ കെ.ജെ.ജോണ്സണ്, മുഹമ്മദ് അഷറഫ്, പി.സി.സുനിൽ, സതീശൻ മടപ്പാട്ടിൽ, സി.എ.ജോസ്, റോയ് പൗലോസ്, പി.എം.മൂസ, ടി.ജി.മനോജ്, വിനോദ് ശങ്കർ, ശ്രീകുമാർ, വി.എസ്.അജിത്കുമാർ, വി.യു.സിൽജോ, ഷിജോ തോമസ്, ജിതിൻ ജോയി, സി.ആർ.പ്രദീപ്, പി.പി.ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം കോൽക്കത്തയിലേക്കു തിരിച്ചു.
റോഡ് മാർഗം മാൾഡയിലെ പഞ്ചനന്തപ്പൂരിലുള്ള ഫെറിയിലെത്തി ഗംഗാനദിയിലൂടെ വഞ്ചിയിൽ ഇയാൾ ഒളിച്ചു താമസിച്ചിരുന്ന ദ്വീപിലെത്തി. അവിടെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വീട്ടിൽ ഒരു ദിവസം പതുങ്ങിയിരുന്ന പോലീസ് സംഘം രാത്രിയിൽ ഇക്രമുൾഷേക്ക് താമസിച്ചിരുന്ന വീട്ടിലെത്തി സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1,44,000 രൂപയും ഇടശേരി ജ്വല്ലറിയുടെ മുദ്രവെച്ച രണ്ട് മോതിരങ്ങളും പോലീസ് കണ്ടെടുത്തു.
മുന്പ് പലതവണ കേരളത്തിലെത്തിയതായും ജ്വല്ലറി കവർച്ചക്ക് ശ്രമിച്ചതായും ഇയാൾ പോലീസിൽ സമ്മതിച്ചു.ജനുവരി 27ന് രാത്രിയാണ് ചാലക്കുടി ടൗണിലെ ഇ.ടി.ദേവസി ആൻഡ് സണ്സ് ഇടശേരി ജ്വല്ലറിയിൽ കവർച്ച നടത്തിയത്.
പിൻഭാഗത്തുള്ള എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റി ചുമർതുരന്നാണ് സംഘം അകത്തുകയറിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ കട്ട് ചെയ്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 കിലോ സ്വർണവും ആറു ലക്ഷം രൂപയും ഇവർ കൊള്ളടിച്ചു.യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ നടന്ന ഈ ജ്വല്ലറി മോഷണം അന്വേഷിക്കുവാൻ തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്കുമാർ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.
ഇവർ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യൻ കൊള്ളസംഘങ്ങളാണ് കവർച്ചയ്ക്കു പിന്നിലെന്ന് വ്യക്തമായി. വിവിധ സംസ്ഥാനങ്ങളിൽ കവർച്ചക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിഹാറിൽ മുന്പ് പല മോഷണക്കേസുകളിലും ഉൾപ്പെട്ട അശോക് ബാരിക്കിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതതിൽ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് സൂചന കിട്ടിയത്.