മുണ്ടക്കയം: പ്രളയത്തില്‍ തകര്‍ന്ന കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് പാലത്തിന്റെ നിര്‍മാണം വൈകുന്നത് മലയോര ജനതയെ ദുരിതത്തിലാക്കുന്നു. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തില്‍ കൂട്ടിക്കല്‍, മുണ്ടക്കയം, കൊക്കയാര്‍ പഞ്ചായത്തുകളിലായി നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.
റോഡുകളുടെ പണി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയായെങ്കിലും പാലങ്ങളുടെ നിര്‍മാണം ഇപ്പോഴും ഇഴയുകയാണ്. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തായാര് ഈസ്റ്റ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
മ്ലാക്കര പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നു കൊടുത്തിരുന്നു.
അതേസമയം വല്യേന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ് തുടങ്ങിയ മേഖലയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന ഇളങ്കാട് ടൗണിലെ പാലത്തിന്റെ നിര്‍മാണം വൈകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കലുങ്കിനുപകരം പുതിയ പാലം നിര്‍മിക്കാന്‍ 70 ലക്ഷം രൂപ അനുവദിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍, നിര്‍മാണം ആരംഭിച്ചതിനുശേഷമുണ്ടായ സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നു പാലം പണി താത്കാലികമായി നിര്‍ത്തിവയ്ക്കുകയും പോരായ്മകള്‍ പരിഹരിച്ച് നിര്‍മാണം വീണ്ടും ആരംഭിച്ചെങ്കിലും മഴക്കാലമായതോടെ പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചു.
ഇപ്പോള്‍ മേഖലയിലേക്കുള്ള വാഹനങ്ങള്‍ കൊടുങ്ങ റോഡിലൂടെ നാല് കിലോമീറ്റര്‍ അധികം സഞ്ചരിച്ചു വേണം മറുകരയെത്താന്‍. ഈ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു കിടക്കുകയാണ്.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന ഇടുങ്ങിയ റോഡാണിത്. പ്രദേശത്തെ പല ആളുകളും ഇപ്പോള്‍ ഇളങ്കാട് പാലത്തിനു മറുകര വാഹനം ഇട്ടതിനുശേഷം താത്കാലിക പാലത്തിലൂടെ ഇളംകാട് ടൗണിലെത്തി യാത്ര ചെയ്യുകയാണു ചെയ്യുന്നത്. പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നാല്‍ വളരെ വേഗത്തില്‍ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.