ചെന്നൈ: ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി (47)കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മകളുടെ വിയോഗത്തെ തുടർന്ന് ഇളയരാജ ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘അൻപ് മകളെ’ എന്ന അടിക്കുറിപ്പോടെ മകളുമൊത്തുള്ള പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭവതരിണിയുടെ ബാല്യകാലത്തെ ഫോട്ടോയാണ് അത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഇളയരാജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് ചിലർ കുറിച്ചു. പ്രാർഥനകളുമായി ഒപ്പമുണ്ടാകുമെന്നും മറ്റു ചിലർ എഴുതി.
ബാല്യകാലം മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം നേടിയിരുന്ന ഭവതരിണി 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2002ൽ രേവതി സംവിധാനം ചെയ്ത മിത്ര്, മൈ ഫ്രണ്ട് എന്ന സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ചു. മലയാളത്തിൽ കളിയൂഞ്ഞാൽ, പൊന്മുടിപ്പുഴയോരത്ത്,പച്ചക്കുതിര, കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്നീ സിനിമകളിൽ ഭവതരിണി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഭവതരിണി നേടിയിരുന്നു.
വ്യാഴാഴ്ചയാണ് ഭവതരിണി മരണപ്പെട്ടത്. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.