കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായ ചിത്രമായിരുന്നു ’96’. വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഇളയരാജയുടെ ഹിറ്റ് പാട്ടായ ദളപതിയിലെ ‘യമുനയാറ്റിലെ’ എന്ന ഗാനം ചേര്‍ത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇളയരാജ.
സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തത് കൊണ്ടാണ് പഴയ ഹിറ്റ് ഹാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നാണ് ഇളയരാജ പറഞ്ഞിരിക്കുന്നത്. 96 ല്‍ നായിക പാടിയ പാട്ട് ഇളയരാജയുടെ പഴയ ഹിറ്റ് ഗാനമല്ലെ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇളയരാജയുടെ പാട്ടുകള്‍. ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ ജീവിതം വിവരിക്കാനാകും. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രം 96 ല്‍ നായിക പാടുന്നത് താങ്കളുടെ പാട്ടുകളാണെന്നായിരുന്നു ഫിലിം ക്രിട്ടിക്ക് സുധീര്‍ ശ്രീനിവാസ് ചോദിച്ചത്.
എന്നാല്‍ ഇതിന് ഇളയരാജ നല്കിയ മറുപടി ഇങ്ങനെയായിരുന്നു, ഒരു പ്രത്യേക കാലഘട്ടത്തില്‍ കഥ നടക്കുന്നത് കൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാലാണ് നേരത്തേ ഹിറ്റായ ഒരു പാട്ട് അവര്‍ ഉപയോഗിക്കുന്നത്.
മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിത്രത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ചത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണെന്നാണ് ചിത്രത്തിന്റെ സംവിധായകന് സി. പ്രേംകുമാര്‍ പറഞ്ഞത്.