തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് ഇല്യാന ബോളിവുഡിലേക്ക് എത്തുന്നത്. ഈ അടുത്താണ് താരം തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്കു കടന്നത്. ഇല്യാന വിവാഹം കഴിച്ചതും അമ്മയായതും ഈയടുത്തയിടെയായിരുന്നു.
അതേസമയം താന്‍ അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല എന്നാണ് ഇല്യാന പറയുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍, എനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. എന്താണെന്ന് അറിയില്ല എന്റെ മിക്ക പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ഇല്യാന. പിന്നീട് 2012 ല്‍ ബര്‍ഫിയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
ചിത്രത്തിലെ ഇല്യാനയുടെ പ്രകടനം കൈയടി നേടുകയും ചെയ്തിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ബര്‍ഫിയുടെ വിജയത്തോടെ ഇല്യാനയെ തേടി തെന്നിന്ത്യയില്‍ നിന്നും സിനിമകള്‍ വരാതായി എന്നതാണ് മറ്റൊരു വസ്തുത. ഇതേക്കുറിച്ചും ഇല്യാന സംസാരിക്കുന്നുണ്ട്.
അതൊരു ചുവടുമാറ്റം ആയിരുന്നില്ല. ബര്‍ഫിയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഒരു ഹിന്ദി സിനിമ ചെയ്തെന്ന് മാത്രം. അത്തരത്തിലൊരു സിനിമ വീണ്ടും എന്നെത്തേടി വരുമെന്നു തോന്നിയില്ല. അതുകൊണ്ടാണു ചെയ്തത്. നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. ഞാന്‍ ബോളിവുഡിലേക്കു പോവുകയാണ്, ഇനി സൗത്ത് ഇന്ത്യന്‍ സിനിമ ചെയ്യില്ല എന്നായിരുന്നില്ല. പക്ഷെ ഞാന്‍ ബര്‍ഫി ചെയ്തതോടെ ഞാന്‍ ബോളിവുഡിലേക്കു മാറുകയാണ് എന്നൊരു തെറ്റിദ്ധാരണ ആളുകള്‍ക്കിടയില്‍ പ്രചരിച്ചു. ഇനി അവള് തെന്നിന്ത്യന്‍ സിനിമ ചെയ്യില്ലെന്നു പലരും കരുതി. അതോടെ എന്നത്തേടി തെന്നിന്ത്യന്‍ സിനിമകള്‍ വരുന്നത് നിന്നു- ഇല്യാന പറഞ്ഞു. അതേസമയം ബോളിവുഡില്‍ നിന്നു ഇല്യാനയെ തേടി പിന്നീടു നിരവധി സിനിമകള്‍ വരികയും ചെയ്തു.