നടുറോഡിൽ കാറിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് തെന്നിന്ത്യൻ താരസുന്ദരി ഇല്യാന ഡിക്രൂസ്. സംഭവത്തെക്കുറിച്ച് ഇല്യാന ട്വീറ്റ് ചെയ്യുകയും തുടർന്ന് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരാധകരെന്ന പേരിൽ എത്തിയ ഒരുകൂട്ടം ചെറുപ്പക്കാർ തന്റെ കാർ ആക്രമിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.
തന്നോട് അപമര്യാദയായി പെരുമാറാൻ ഒരു പുരുഷനും താൻ അവകാശം നൽകിയിട്ടില്ലെന്ന് ഇല്യാന ട്വീറ്റിൽ പറഞ്ഞു. താനൊരു സ്ത്രീയാണ് താൻ ഈ പറഞ്ഞ വാചകങ്ങളിൽ ആരാധകർ ആശയക്കുഴപ്പത്തിലാകരുത് എന്ന് പറഞ്ഞായിരുന്നു ഇല്യാനയുടെ ട്വീറ്റ് അവസാനിച്ചത്.
“ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാനായി കാറിൽ പോവുകയായിരിന്നു ഞാൻ. ട്രാഫിക് സിഗ്നൽ മാറാൻ കാത്തുകിടക്കുന്പോഴാണ് യുവാക്കളുടെ ശല്യമുണ്ടായത്. എന്റെ കാറാണെന്ന് മനസിലായതോടെ സമീപം നിർത്തിയ കാറിലെ ചെറുപ്പക്കാർ മോശമായി പെരുമാറാൻ തുടങ്ങി. കാറിന്റെ ജനൽച്ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി, ഒരാൾ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതിൽ കമിഴ്ന്നു കിടന്ന് തന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. എനിക്ക് വേണമെങ്കിൽ അവരുടെ ഫോട്ടോ എടുക്കാമായിരുന്നു. പക്ഷെ അതവരെ കൂടുതൽ പ്രകോപിപ്പിക്കുമെന്ന് കരുതിയതിനാൽ ചെയ്തില്ല. അവർ ആറു പേരുണ്ടായിരുന്നു. എന്റെ ഡ്രൈവറെ മർദിച്ചിരുന്നെങ്കിൽ തനിക്ക് തടയാൻ ആകുമായിരുന്നില്ല. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ഇനിയും ഇത് ആവർത്തിച്ചാൽ ബോഡിഗാർഡിനെ നിയമിക്കുന്നതിനേക്കുറിച്ച് ആലോചിക്കും’- ഇല്യാന വ്യക്തമാക്കി.