തൃശൂർ: പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തി വരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ ഉൾപ്പെടെ ആറുപേരെ എക്സൈസ് പിടികൂടി. 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. 33 ലിറ്ററിന്റെ 12 കന്നാസും 23 ലിറ്ററിന്റെ 20 ബോട്ടിലും അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്.
ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അനൂപിന്റെ നേതൃത്വത്തിലാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നത്. പെരിങ്ങോട്ടുകരയിലെ ഏറാത്ത് ഹോട്ടൽ 1200 രൂപ ദിവസ വാടകയ്ക്കെടുത്താണ് വ്യാജ മദ്യം നിർമിച്ചിരുന്നത്.
അന്യ സംസ്ഥാനത്ത് നിന്നു സ്പിരിറ്റ് എത്തിച്ച് അതിൽ കൃത്രിമ നിറം ചേർത്ത് എംസി യുടെ വ്യാജസ്റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ചാണ് വിതരണം നടത്തിയിരുന്നത്.