അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുടുങ്ങാന്‍ പോകുന്നത് ഏഴ് എംപിമാരും 98 എംഎല്‍എമാരും; കണക്കെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് സൂചന…

ന്യൂഡല്‍ഹി: അനധികൃതമായി സ്വത്തു സമ്പാദിച്ച ജനപ്രതിനിധികള്‍ക്ക് പിടിവീഴുമെന്ന് ആദായനികുതി വകുപ്പ്. രാജ്യത്തെ ഏഴ് ലോക്‌സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ വന്‍വര്‍ധനയുണ്ടായതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കുമെന്നു സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) സുപ്രീം കോടതിയെ അറിയിച്ചു. ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകള്‍ പുറത്തിവിട്ടിട്ടില്ല.

ഇവര്‍ ഏതു പാര്‍ട്ടിക്കാരാണെന്നതും രഹസ്യമാണ്. സ്വത്തില്‍ വര്‍ധനവുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച സിബിഡിടി സുപ്രീം കോടതിക്കു കൈമാറും. ആദായനികുതി വകുപ്പ് പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത്. എംഎല്‍എമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വര്‍ധന. ഇവരെക്കൂടാതെ ഒമ്പത് ലോക്‌സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും സിബിഡിടി സുപ്രീം കോടതിയെ അറിയിച്ചു.

ലക്‌നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോക് പ്രഹരി എന്ന എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്. രാജ്യത്ത് 26 ലോക്‌സഭ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 257 എംഎല്‍എമാരുടെയും സ്വത്ത്, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞതിനേക്കാള്‍ വലിയതോതില്‍ വര്‍ധിച്ചെന്നായിരുന്നു ഇവരുടെ പരാതി. സിബിഡിസി തയ്യാറാക്കിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുടെയും പേരുണ്ടെന്നാണ് സൂചന.

 

Related posts