കേരള സര്ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്മെന്റ്. ഹാരിസണ് കമ്പനി എട്ടു ജില്ലകളിലായാണ് സര്ക്കാര് ഭൂമി കൈവശം വച്ചിരിക്കുന്നത്.
എന്നാല് സര്ക്കാര് ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില് കേസ് നല്കിയത് നാല് ജില്ലകളില് മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര് ഭൂമിയുടെ അവകാശമാണ് സര്ക്കാര് ഉന്നയിച്ചിരിക്കുന്നത്.
എട്ട് ജില്ലകളില് മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില് അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.
സര്ക്കാര് അവകാശം ഉന്നയിച്ചതില് നിര്ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്പ്പെടും. 2263.80 ഏക്കര് ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്.
ഹാരിസണ് കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്ക്കാര് അവകാശം ഉന്നയിക്കുന്നത്.
പല ജില്ലകളിലും അട്ടിമറി തുടരുകയാണ്. റവന്യൂ ഡയറക്ടറേറ്റും നിയമവകുപ്പും തുടര്ച്ചയായി കളക്ടറേറ്റുകളിലേക്ക് ഓര്മക്കുറിപ്പ് അയയ്ക്കുന്നുണ്ടെങ്കിലും റിപ്പോര്ട്ട് അയയ്ക്കാനായിട്ടില്ല.
പുനലൂര് റിയ റിസോര്ട്ട് (206.51 ഏക്കര്), ഹാരിസണ് കോന്നി, റാന്നി (9293.74ഏക്കര്), ഇടുക്കി, കോട്ടയം ട്രാവന്കൂര് റബ്ബേഴ്സ് (7373.67 ഏക്കര്), പുനലൂര് ഹാരിസണ് (7588.83 ഏക്കര്), പുനലൂര് ട്രാവന്കൂര് റബ്ബേഴ്സ് (2699.95 ഏക്കര്) എന്നിവയെച്ചൊല്ലിയാണ് അതത് സബ് കോടതികളില് കേസുള്ളത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലായി 76,769.80 ഏക്കര് ഭൂമിയാണ് ഹാരിസണിന്റെ കൈവശമുള്ളതായി സര്ക്കാര് നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയത്.
ഭൂമി ഏറ്റെടുക്കല് നടപടികള്ക്ക് സിവില് കേസ് വേണമെന്ന സുപ്രീംകോടതി നിര്ദ്ദേശത്തെത്തുടര്ന്നാണ് വിവിധ ജില്ലകളില് കേസ് കൊടുക്കാന് സര്ക്കാര് തീരുമാനിച്ചത്.
ഇതിലാണ് അട്ടിമറിശ്രമം നടക്കുന്നത്. പാട്ടഭൂമിയായി ഹാരിസണ് കൈവശം വെച്ചിരുന്ന ഭൂമിയില് നല്ലൊരു ഭാഗം ഇവര് വിറ്റ് കാശാക്കുകയും ചെയ്തു.
ശേഷിച്ചത് കൈയില് വച്ച് കൃഷി നടത്തുന്നു. ഇതിനിടെയാണ് ഹാരിസണ്സ് മുതലാളി ഹര്ഷ ഗോയങ്ക മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തു വന്നത്.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പിണറായി വിജയന് അതിന് നേതൃത്വം കൊടുക്കുന്നുവെന്നും ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു. നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയും നല്കി.
ഇവിടെ ബിസിനസ് ദുഷ്ക്കരമാണെന്ന് പറഞ്ഞ് കിറ്റക്സ് കമ്പനി കൂടും കുടുക്കയുമെടുത്ത സ്ഥലം വിട്ട സമയത്തായിരുന്നു ഹാരിസണ് ഉടമയും ആര്.പി.ജി എന്റര്പ്രൈസസ് ചെയര്മാനുമായ ഹര്ഷ് ഗോയങ്ക പിണറായി സ്തുതി എന്നത് ശ്രദ്ധേയമായിരുന്നു.
കേരളത്തിലുള്ളവര് വളഞ്ഞിട്ട് ആക്രമിക്കുമ്പോള് ഗോയങ്കയുടെ ട്വീറ്റ് പിണറായിക്ക് ആശ്വാസമായി. ഇതോടെ ഈ പുകഴ്ത്തല് സൈബര് തൊഴിലാളികള് ഏറ്റെടുക്കുകയും സോഷ്യല്മീഡിയയില് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ഏറ്റവുമധികം പേര്ക്ക് ശമ്പളം കൊടുക്കുന്ന വ്യവസായം കേരളത്തില് നടത്തുന്ന തനിക്ക് ഇതു വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു ഗോയങ്കയുടെ ട്വീറ്റ്.
സര്ക്കാരിന് ലഭിക്കേണ്ട 59,000-ല് പരം ഏക്കര് പാട്ടഭൂമി ഏറ്റെടുക്കാതെ കോടതിയില് ഹാരിസണ് അനുകൂല നടപടി സ്വീകരിച്ചതിന്റെ ഉപകാര സ്മരണയായാണ് ഹര്ഷ് ഗോയങ്കയുടെ ട്വീറ്റിനെ പലരും വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് കമ്പനികളായ മലയാളം പ്ലാന്റേഷന്സ്, ഹാരിസണ്സ് ആന്ഡ് ക്രോസ് ഫീല്ഡ് എന്നീ കമ്പനികളുടെ പിന്തുടര്ച്ചക്കാരെന്ന അവകാശവാദവുമായാണ് ഹാരിസണ്സ് മലയാളം കമ്പനി സംസ്ഥാനത്ത് പ്രവര്ത്തിക്കുന്നത്.
എന്നാല് പേരില് മാത്രമേ ഇപ്പോള് ഹാരിസണ് ഉള്ളൂ. ഒറിജിനല് കമ്പനി എല്ലാം ഇന്ത്യയില് തന്നെ ഉപേക്ഷിച്ച് ബ്രിട്ടനിലേക്ക് വണ്ടി കയറിയിട്ട് കാലമേറെയായി.
എന്നാല് ആ കമ്പനിയുടെ അവകാശവാദമാണ് നിലവിലെ ഹാരിസണ് ഉന്നയിക്കുന്നത്. ഭരണകൂടം കുട പിടിക്കുന്നത് ഈ വ്യാജ അവകാശവാദത്തിനാണ്.
സര്ക്കാര് നിയോഗിച്ച മൂന്നു കമ്മീഷനുകള് നടത്തിയ അന്വേഷണത്തില് ബ്രിട്ടീഷ് കമ്പനികള് നിയമപ്രകാരം ഇപ്പോഴത്തെ ഹാരിസണ്സ് മലയാളം കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നു തെളിഞ്ഞിട്ടുണ്ട്.
ഇവര് സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ഏക്കര് ഭൂമി അനധികൃതമായി കൈവശം െവച്ചിരിക്കുന്നുവെന്നും കണ്ടെത്തുകയും ചെയ്തു.
ഇവ സര്ക്കാറിന് ഏറ്റെടുക്കാമെന്ന് റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി നിര്ദ്ദേശപ്രകാരം വിജിലന്സ് നടത്തിയ അന്വേഷണത്തില് വ്യാജ ആധാരങ്ങള് ചമക്കല്, ഗൂഢാലോചന, വിദേശനാണ്യ വിനിമയ, നിയന്ത്രണചട്ടലംഘനം, സര്ക്കാര് രേഖകള് തിരുത്തല്, ഭൂസംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം, ഇന്ത്യന് ഇന്ഡിപെന്ഡന്റ് ആക്ട്, തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങള് കണ്ടെത്തി.
ഇതിനിടെ, കമ്പനി ഭൂമി കൈവശം െവച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെങ്കില് ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ല് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്ക്കാറിന്റെ കാലത്ത് ഭൂസംരക്ഷണ നിയമം അനുസരിച്ച് ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് എം.ജി രാജമാണിക്യത്തെ സ്പെഷല് ഓഫിസറായി നിയോഗിച്ചു.
അദ്ദേഹം നടത്തിയ അന്വേഷണത്തില് കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിലായി കമ്പനി പതിനായിരക്കണക്കിന് ഭൂമി അനധികൃതമായി കൈവശം വെക്കുന്നുവെന്ന് കണ്ടെത്തി.
തുടര്ന്ന് 18 ഉത്തരവുകളിലൂടെ 38171 ഏക്കര് ഭൂമി സര്ക്കാര് ഏറ്റെടുത്തു. ഇതില് 517 ഏക്കര് ഏറ്റെടുത്ത രണ്ട് ഉത്തരവുകള് കോടതി ശരിവച്ചിരുന്നു.
ഈ സുപ്രധാന വിവരം കണ്ടെത്തിയതോടെ രാജമാണിക്യത്തെ സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു. ഇതും മാഫിയയുടെ ഇടപെടലായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.