മുലുഗു: പുരാണത്തിൽ ശ്രീരാമന്റെ ഭാര്യയായ സീത അഗ്നിപരീക്ഷണം നേരിടേണ്ടിവന്നതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്. രാവണന്റെ ലങ്കയിൽനിന്നു രക്ഷപ്പെടുത്തികൊണ്ടുവന്ന തന്റെ ഭാര്യയുടെ പാതിവ്രത്യശുദ്ധി തെളിയിക്കാൻ ശ്രീരാമൻ സീതയോട് അഗ്നിപരീക്ഷ നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
ഭർത്താവിന്റെ ആജ്ഞ ശിരസാവഹിച്ച സീത അഗ്നിശുദ്ധി വരുത്തി തന്റെ പാതിവ്രത്യം തെളിയിക്കുകയും ചെയ്തു.തെലങ്കാനയിലും കഴിഞ്ഞദിവസം ഒരു അഗ്നിപരീക്ഷണം നടന്നു. ഇവിടെ സ്ത്രീയല്ല,
പുരുഷനാണ് അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്. തെലങ്കാനയിലെ മുലുഗുവിലാണു സംഭവം. സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ഗംഗാധർ എന്നയാളാണ് അഗ്നിപരീക്ഷയ്ക്കു വിധേയനായത്.
സഹോദരന്റെ ഭാര്യയുമായി ബന്ധമില്ലെന്നും തന്റെ ഭാര്യയെ വഞ്ചിട്ടില്ലെന്നും തെളിയിക്കാൻ ഗ്രാമത്തലവന്മാർ ഗംഗാധറിനോടു അഗ്നിപരീക്ഷയ്ക്കു വിധേയനാകാൻ കൽപിക്കുകയായിരുന്നു.
അഗ്നിപരീക്ഷ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. വിശാലമായ പാടത്തിന്റെ നടുവിൽ കുട്ടിയിട്ട തീക്കനലിനു ചുറ്റും നനഞ്ഞ വസ്ത്രം ധരിച്ച് കൈ കൂപ്പി വലം വയ്ക്കുന്നതും കനലിനു നടുവിൽ വച്ച ചുട്ടുപഴുത്ത ഇരുന്പുദണ്ഡ് എടുത്തുമാറ്റുന്നതും ശേഷം കൈ ശരീരത്തോടു ചേർത്തുവച്ചു നടന്നുപോകുന്നതും വീഡിയോയിൽ കാണാം.
അഗ്നിപരീക്ഷ നടത്തിയിട്ടും ഗംഗാധർ നിരപരാധിയാണെന്ന് അംഗീകരിക്കാൻ ഗ്രാമമുഖ്യന്മാർ തയാറായില്ല. കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി ഗംഗാധറിന്റെ പക്കൽനിന്ന് 11 ലക്ഷം രൂപ ഗ്രാമത്തലവന്മാര് കൈക്കലാക്കിയെന്നും പറയുന്നു.
ഗംഗാധറിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്കു കമന്റുകളായി വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.
ഇതാണ് ഡിജിറ്റൽ ഇന്ത്യയിലെ സാക്ഷരതാനിലവാരം എന്നാണ് ഒരു കമന്റ്. രാജ്യത്ത് ഇതുപോലുള്ള നൂറു കണക്കിന് ഗോത്രങ്ങളുണ്ടെന്നും അവിടെയെല്ലാം ഭരണം നടത്തുന്നത് സമുദായത്തലവന്മാരാണെന്നും ഇത്തരം ആളുകൾ ജനങ്ങളെ ചൂഷണം ചെയ്താണ് ജീവിക്കുന്നതെന്നും ചിലർ വെളിപ്പെടുത്തുന്നു.