ആലപ്പുഴ: പിഡിപിയുടെയും ഒരു സ്വതന്ത്രാംഗത്തിന്റെയും പിന്തുണ ലഭിച്ചതോടെ ഇല്ലിക്കൽ കുഞ്ഞുമോന്റെ വിജയം കുറിക്കപ്പെട്ടു. മുൻ ധാരണ പ്രകാരം തോമസ് ജോസഫ് രാജി വച്ച ഒഴിവിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് എട്ടുവോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലപ്പുഴ നഗരസഭ ചെയർമാനായി യുഡിഎഫിലെ ഇല്ലിക്കൽ കുഞ്ഞുമോൻ തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫ് പിന്തുണയോടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച മുൻ കോണ്‍ഗ്രസുകാരനും സ്വതന്ത്രാംഗവുമായ മെഹബൂബാണ് പരാജയപ്പെട്ടത്. രാജിയെ തുടർന്ന് കോണ്‍ഗ്രസിന്റെ പത്തംഗങ്ങൾ തോമസ് ജോസഫിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ചെയർമാൻ സ്ഥാനം യുഡിഎഫിന് നഷ്ടപ്പെടുമോയെന്ന ആശങ്കയുണർന്നിരുന്നു. ഭിന്നതകൾ മാറ്റിവച്ച് യുഡിഎഫ് ഒറ്റക്കെട്ടയി വോട്ട് രേഖപ്പെടുത്തുകയും പിഡിപി പിന്താങ്ങുകയും ചെയ്തതോടെ ചെയർമാൻ സ്ഥാനം യുഡിഎഫ് നിലനിർത്തി.
52അംഗ കൗണ്‍സിലിൽ 48 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ബിജെപിയുടെ നാലംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ ഹാജരായില്ല. ഇല്ലിക്കൽ കുഞ്ഞുമന് 28വോട്ട് ലഭിച്ചപ്പോൾ മെഹബൂബിന് 20വോട്ട് ലഭിച്ചു. കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോടൊപ്പം നിന്ന രണ്ട് പിഡിപി അംഗങ്ങൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു. യുഡിഎഫുമായി പിണങ്ങി നിന്ന സ്വതന്ത്രൻ ജോസ് ചെല്ലപ്പനും അവസാന നിമിഷം യുഡിഎഫിന് അനുകുലമായി വോട്ട് രേഖപ്പെടുത്തി.
52അംഗ കൗണ്‍സിലിൽ കോണ്‍ഗ്രസ് 21, ലീഗ് മൂന്ന്, കേരളകോണ്‍ഗ്രസ് ഒന്ന്, പിഡിപി രണ്ട്, സ്വതന്ത്രൻ രണ്ട്, സിപിഎം 16, സിപിഐ മൂന്ന്, ബിജെപി നാല് എന്നിങ്ങനെയാണ് കക്ഷി നില. കൗണ്‍സിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴ ആർഡിഒ എം.വി.അനിൽകുമാർ റിട്ടേണിംഗ് ഓഫീസറായിരുന്നു.
കോണ്‍ഗ്രസിലെ ഭിന്നത മുതലെടുത്ത് ഭരണം പിടിക്കാമെന്നുള്ള ഇടതുമുന്നണിയുടെ നീക്കത്തിനുള്ള തിരിച്ചടി കൂടിയായി ഇല്ലിക്കൽ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ്. സ്വന്തം പാളയത്തിലുണ്ടായിരുന്ന പിഡിപിയുടെ മലക്കംമറിച്ചിലും ഇവർ പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിന്നിരുന്ന കൗണ്‍സിലർമാരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അനുനയിപ്പിച്ച് ഒന്നിപ്പിച്ചതെന്ന് പറയുന്നു.ബിജെപി അംഗങ്ങൾ കൗണ്‍സിൽ ഹാളിൽ എത്താതെ നഗരസഭയുടെ പ്രധാന വാതുക്കൽ കുത്തിയിരുപ്പും നടത്തി.