താൻ കടന്നുപോയ മാനസിക സംഘർഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ്-തെന്നിന്ത്യൻ താരസുന്ദരി ഇല്യാന ഡിക്രൂസ്. ലോക മാനസികാരോഗ്യത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിലാണ് ഇല്യാന ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.
കടുത്ത വിഷാദം ബാധിച്ചിരുന്ന ആ ദിനങ്ങളിൽ ആത്മത്യയെക്കുറിച്ചായിരുന്നു കൂടുതൽ സമയവും ചിന്തിച്ചത്. കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്ന നാളുകളായിരുന്നു അത്. സ്വന്തം കാര്യങ്ങളുമായി മുന്നേറുന്നതിനിടയിൽ ശരീരം പണിമുടക്കിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് മനസിലാക്കിയത്. എല്ലാവരാലും സ്വീകരിക്കപ്പെടണം എന്നതായിരുന്നു അന്നത്തെ എന്റെ ആഗ്രഹം. വിഷാദ രോഗവുമായി പൊരുതുന്നതിനിടയിൽ ഇടയ്ക്ക് ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിരുന്നു. എന്നാൽ സ്വയം അംഗീകരിച്ച് തുടങ്ങിയതോടെ ഇതിൽ നിന്നും എനിക്ക് മുക്തിനേടാൻ കഴിഞ്ഞു. വിഷാദ രോഗവുമായി പോരാടാൻ തീരുമാനിച്ചപ്പോഴാണ് ശരിക്കും ആത്മവിശ്വാസം തോന്നിയത്. ശാരീരികപ്രവർത്തനങ്ങളുടെ സ്ഥിരത നഷ്ടപ്പെടുന്പോഴാണ് വിഷാദം ബാധിക്കുന്നത്. ഇതിന് ചികിത്സ ആവശ്യമാണ്. ചികിത്സിക്കാതെ മാറുമെന്ന് വിചാരിച്ചിരിക്കുന്നത് നല്ലതല്ല. ശരീരത്തിന് പരിക്ക് പറ്റിയാൽ ഡോക്ടർമാരെ കാണുന്നത് പോലെ തന്നെ ഈ അവസ്ഥയിലും ചികിത്സ നടത്തണം. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. സ്വന്തം പോസിറ്റീവും നെഗറ്റീവും തിരിച്ചറിയണം. നെഗറ്റീവ്സിനെ അംഗീകരിച്ച് തുടങ്ങണം. ദിവസങ്ങളെടുത്താണ് ഞാൻ ആ അവസ്ഥയിൽ നിന്നും കര കയറിയത്- താരം പറയുന്നു.