ബസ് യാത്രക്കിടയിൽ ടിക്കറ്റ് പണത്തെച്ചൊല്ലി കണ്ടക്ടറും യാത്രികരും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. എങ്കിലിതാ ടിക്കറ്റിന്റെ ബാക്കി പണം മേടിക്കാൻ മറന്ന് പോയ യാത്രക്കാരന്റെ പുറകെ ഒച്ചവച്ച് ഓടിച്ചെന്ന് അത് തിരികെ നൽകിയ ഒരു കെഎസ്ആർടിസി കണ്ടക്ടറാണ് നവമാധ്യമങ്ങളിൽ താരമാകുന്നത്.
ആലുവയിലെ അത്താണിയിൽ നിന്നും തൃശൂരിനു പോകുവാൻ പാലക്കാട്ടേക്കുള്ള ഒരു കെഎസ്ആർടിസി ബസിൽ കയറിയ യാത്രികനാണ് “ഐ ലവ് മൈ കെഎസ്ആർടിസി’ എന്ന ഫേസ്ബുക്ക് പേജിൽ കൂടി ഈ മനോഹരമായ യാത്രനുഭവം പങ്കുവച്ചത്. ബസ് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബസിൽ നിന്നുമിറങ്ങി ഓട്ടോയിൽ കയറി പോകുവാൻ തുടങ്ങി. പെട്ടന്ന് ബസിന്റെ കണ്ടക്ടർ ഒച്ചവച്ച് ഓട്ടോ നിർത്തിക്കുകയും ഈ ചെറുപ്പക്കാരന് ബാക്കി നൽകുവാനുണ്ടായിരുന്ന 425 രൂപ നൽകിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
കണ്ടക്ടറുടെ ഓട്ടം കണ്ടപ്പോൾ ടിക്കറ്റ് നൽകാതെ പോയ യാത്രികനെ കണ്ടക്ടർ പുറകെ ചെന്ന് പിടികൂടിയതാണെന്നാണ് ഏവരും കരുതിയതെന്നും എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരിലും അൽപ്പം അമ്പരപ്പ് സൃഷ്ടിച്ചെന്നും കുറിപ്പിൽ പറയുന്നു. മാത്രമല്ല കണ്ടക്ടറുടെ പ്രവൃത്തിയിൽ അത്ഭുതപ്പെട്ടു പോയ ചെറുപ്പക്കാരൻ, കണ്ടക്ടർ എനിക്ക് വിളിച്ചു ബാക്കി തന്നു എന്ന് വളരെ ഉച്ചത്തിൽ പറഞ്ഞുവെന്നും കുറിപ്പിൽ പറയുന്നു. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ സൂരജാണ് സത്യസന്ധതയുടെ പര്യായമായ ഈ വ്യക്തി.