രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയാന്‍ മടിക്കുന്നവരാണ് സിനിമക്കാര്‍. എന്നാല്‍ പ്രകാശ രാജ് അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വിമര്‍ശകനായ പ്രകാശ് രാജ് താനൊരു സിപിഎമ്മുകാരനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യ വര്‍ഗീയ വിരുദ്ധ കണ്വെന്ഷന് ഉദ്ഘാടനം ചെയ്താണ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ അദേഹം തുറന്നുപറഞ്ഞത്.
കേരളത്തിലെ പിണറായി വിജയന് സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാനും പ്രകാശ് രാജ് മറന്നില്ല. നിങ്ങള്‍ ബിജെപിക്കാര്‍ കേരളത്തിലെ ഭരണം കണ്ടുപഠിക്കൂ. അഴിമതിയെയും വര്‍ഗീയതയെയും പടിയടച്ചു വിട്ടിരിക്കുകയാണ് അവിടുത്തെ സര്‍ക്കാര്‍. പിണറായി സര്‍ക്കാരിന്റെ കീഴില്‍ എല്ലാവരും സന്തുഷ്ടരാണ്. അക്രമങ്ങള്‍ കേട്ടുകേള്‍വിയായി മാറി- നടന് പറയുന്നു.
ഇന്ന് ഭരണവര്‍ഗത്തിനെതിരെ ചോദ്യം ചോദിക്കുന്നവര്‍ രാജ്യദ്രോഹികളായി മാറുകയാണ്. അങ്ങനെയെങ്കില്‍ ശബ്ദമുയര്‍ത്തുന്ന രാജ്യദ്രോഹികളാണ് ഈ രാജ്യത്ത് ഭൂരിപക്ഷമെന്നു അവര്‍ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂള്‍ പഠനകാലത്ത് തന്നോട് ആരും മതം ചോദിച്ചിരുന്നില്ല, വായിച്ച പുസ്തകങ്ങളും നാടകങ്ങളും കവിതകളും എഴുതിയവരുടെ ജാതി ആരും പരസ്പരം ചോദിച്ചില്ല. എന്നാല്‍ ഇന്ത്യ മാറുകയാണ്. ചില വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കകയാണെന്നു പറഞ്ഞ പ്രകാശ് രാജ് രാജ്യത്തിന്റെ ഭരണഘടന പോലും അവരുടെ ഭീഷണിയുടെ നിഴലിലാണെന്നും പ്രകാശ് രാജ് പറഞ്ഞു.