നിര്‍വചനം കൊടുക്കാന്‍ സാധിക്കാത്ത ഒരേയൊരു വാക്കേ ലോകത്തിലുള്ളു. ആ വാക്കാണ് അമ്മ. ലോകമാതൃദിനമാഘോഷിച്ച അവസരത്തിലാണ് ചില ആളുകളെങ്കിലും ഈ സത്യം തിരിച്ചറിഞ്ഞത്. ഈ വര്‍ഷവും മേയ് 14 ന് ലോകം മാതൃദിനം ആഘോഷിച്ചു. പ്രത്യേകിച്ച് സമൂഹമാദ്ധ്യമങ്ങള്‍. ഭൂരുഭാഗം ആളുകളും തങ്ങളുടെ അമ്മമാരുടെ ഒപ്പമുള്ള ചിത്രങ്ങളും അവരെക്കുറിച്ചുള്ള നല്ല വാക്കുകളും കൊണ്ട് തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകള്‍ നിറച്ചു. ഇത്തരത്തില്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയനും ഫേസ്ബുക്ക് പേജിലൂടെ തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയുണ്ടായി. കണ്ണുനീരിന്റെ നനവോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഈ പോസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
‘സ്കൂളില്‍ പഠിക്കുന്ന കാലം. അമ്മ വീടുകള്‍തോറും കയറിയിറങ്ങി കുപ്പിയും പാട്ടയുമൊക്കെ പെറുക്കി പട്ടാളം മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കും. ആ വരുമാനം കൊണ്ടാണ് ജീവിതം. ഉച്ചക്ക് തേക്കിന്‍കാട് മൈതാനത്തു ‘അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നതുകാണാം. എല്ലാം വിറ്റു അമ്മയെത്താന്‍ രാത്രി എട്ടുമണിയാകും. ഞാന്‍ അതുവരെ പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളി തന്നെയാണ്. കളി കഴിഞ്ഞുപാട്ടുരായ്ക്കല് ജംഗ്ഷനിലെ കൃഷ്ണഭവന്‍ ഹോട്ടലിനു മുന്നില്‍ ഞാന്‍ അമ്മയെ കാത്തിരിക്കും. ക്ഷീണിച്ചു അവശയായി ‘അമ്മ നടന്നു വരുന്നതു കാണാം. അന്ന് പെറുക്കിയതെല്ലാം വിറ്റുകിട്ടിയ പണംകൊണ്ട് എനിക്കും ചേട്ടനുംവാങ്ങിയ ഭക്ഷണപ്പൊതി ഒരു കൈയില്‍ കാണും. മറുകൈ പിടിച്ചു ഞാന്‍, കാട് പിടിച്ചുവിജനമായ, പാമ്പുകളിഴയുന്ന കോലോത്തുംപാടത്തെ ഓലപ്പുരയിലേക്കുനടക്കും.’