ഇന്ത്യൻ ഫുട്ബോളിൽ കാതലായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുക യാണ്.അണ്ടർ-17 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതു നമ്മുടെ ഫുട്ബോളിനു ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അതിനായി തീവ്രശ്രമമാണ് ഇനി നടത്തേണ്ടത്.
രാജ്യത്തു ഫുട്ബോളിലുണ്ടായ പ്രഫഷണലിസം കുട്ടികൾക്കുള്ള മികച്ച അവസരമാണ്. ഞാനൊക്കെ കളിച്ചിരുന്ന സമയത്ത് സപ്പോർട്ടിംഗ് സ്റ്റാഫായി ഒരു ഡോക്ടർ മാത്രമായിരുന്നു ടീമിലുണ്ടായിരുന്നത്. അദ്ദേഹത്തെ കാണണമെങ്കിൽ ടീമംഗങ്ങൾ ക്യൂനിൽക്കണമായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാമ്പ് സന്ദർശിച്ചപ്പോൾ ശരിക്കും അമ്പരന്നു പോയി. മൂന്നു ഡോക്ടർമാരും പ്രത്യേകം പരിചാരകരുമാണ് ടീമംഗങ്ങൾക്കൊപ്പമുള്ളത്.
ഇപ്പോഴത്തെ നമ്മുടെ ടീം ഭാവിയിലേക്കുള്ള ഇന്ത്യൻ സംഘമാണ്. ഇവരെ ഇനി അണ്ടർ -20ലേക്കു പരിഗണിക്കാം. അതുകഴിഞ്ഞു സീനിയർ വിഭാഗങ്ങളിലേക്കും ചെന്നെത്താം. ഇതനുസരിച്ചു താഴെത്തട്ട് മുതൽ ടീം ഉയർന്നു വരണം. ഫുട്ബോൾ വളരാൻ ഇതുതന്നെയാണ് സംവിധാനം. ഇപ്പോൾ നമുക്ക് അതിനു കഴിവുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഫുട്ബോൾ വളർച്ചയുടെ പാതയിലാണെന്നു പറയുന്നത്.
ഒറ്റയടിക്കു വിജയങ്ങൾ സ്വന്തമാക്കാനാകില്ല. അങ്ങേയറ്റം കഠിനാധ്വാനം നടത്തിയാൽ മാത്രമേ മുന്നേറാനാകൂ. ഏഷ്യൻ മേഖലയിൽ ശക്തികളാകുകയാണ് ആദ്യലക്ഷ്യം. അതുകഴിഞ്ഞാകാം മറ്റു നേട്ടങ്ങൾ. നന്നായി ഫുട്ബോൾ കളിക്കുന്ന എത്രയോ കുട്ടികൾ ഇപ്പോഴും പുറത്തുണ്ട്. ഇവരെ കണ്ടെത്താൻ പുതിയ പദ്ധതികളാവിഷ്കരിക്കുകയാണ് ആദ്യം വേണ്ടത്. ഫുട്ബോൾ അക്കാഡമികളും ക്ലബുകളും ഇതിനു മുൻകൈയെടുക്കണം. ചിട്ടയായ പരിശീലനവും വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളുമെല്ലാം നൽകി ടീമുകളെ വാർത്തെടുക്കാം.
വി. മനോജ്.