തൃശൂർ: ഗാലറികളെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം.വിജയൻ സിനിമ നിർമാണ മേഖലയിലേക്ക്. ബിഗ് ഡാഡി എന്റർടൈന്റമെന്റ എന്ന മൂവി പ്രൊഡക്ഷൻ കന്പനിയുമായാണ് വിജയൻ സിനിമ മേഖലയിൽ തന്റെ കിക്കോഫ് നടത്തിയിരിക്കുന്നത്.
തന്റെ സുഹൃത്തുക്കളായ അരുണ്തോമസ്, ദിപു ദാമോദർ എന്നിവരുമായി ചേർന്നാണ് വിജയൻ സിനിമനിർമാണ കന്പനി ആരംഭിച്ചിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിജയൻ തന്നെയാണ് താൻ സിനിമ നിർമാണ മേഖലയിലേക്ക് പ്രവേശിച്ചത് വെളിപ്പെടുത്തിയത്.
കന്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും തങ്ങളുടെ ആദ്യത്തെ സിനിമ സംരംഭം തീർച്ചയായും ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു സിനിമയാണെന്നും കൂടുതൽ വിശദാംശങ്ങൾ വൈകാതെ അറിയിക്കാമെന്നുമാണ് വിജയൻ പറഞ്ഞിരിക്കുന്നത്.
കളിക്കളത്തിൽ എതിർടീമിന്റെ ഇടനെഞ്ചു പിളർത്തി കിടിലൻ ഷോട്ടുകൾ ഉതിർക്കുന്ന വിജയന് സിനിമാലോകം പുതിയതല്ല. ശാന്തം എന്ന ജയരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചത് വിജയനാണ്.ആകാശത്തിലെ പറവകൾ, ബെൻ ജോണ്സണ്, കിസാൻ, ക്വട്ടേഷൻ, മഹാസമുദ്രം തുടങ്ങിയ സിനിമകളിൽ വിജയൻ അഭിനയിച്ചിട്ടുണ്ട്.
ഫുട്ബോൽലെന്ന പോലെ മലയാള സിനിമയിലും തമിഴ് സിനിമയിലേയും പ്രമുഖരുമായി അടുത്ത സുഹൃത്ബന്ധവും വിജയനുണ്ട്. സിനിമ നിർമാണവേളയിൽ ഇതെല്ലാം വിജയന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.