മലപ്പുറം: ഫുട്ബോളിനോടുള്ള മലപ്പുറത്തിന്റെ സ്നേഹം വാഴ്ത്തപ്പെടേണ്ടതെന്നു ഐ.എം വിജയൻ. സെവൻസ് പോലുള്ള മത്സരങ്ങൾക്കു ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുണ്ടെന്നും തന്നെ വളർത്തിയെടുത്തതിലും മലപ്പുറത്തിന്റെ പങ്ക് വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ വർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന പ്രദർശന വിപണനമേളയുടെ രണ്ടാം ദിവസം ’കായിക മലപ്പുറത്തിനു ആദരം’ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന തരത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ഇത്രയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സന്തോഷ് ട്രോഫി ടീമംഗങ്ങളായ അഫ്ദലിനും ഷാഫിക്കും സാധിച്ചത് വലിയ കാര്യമാണ്.
ബംഗാൾ പോലുള്ള സംസ്ഥാനത്തെ അവരുടെ തന്നെ നാട്ടിൽ വച്ച് തോൽപ്പിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നും വിജയൻ പറഞ്ഞു. ഈ വർഷത്തെ സന്തോഷ് ട്രോഫി ചാന്പ്യൻമാരായ കേരള ടീമംഗങ്ങളും മലപ്പുറം സ്വദേശികളുമായ വി.കെ അഫ്ദൽ, വൈ.പി മുഹമ്മദ് ഷരീഫ്, ചൈനയിൽ നടന്ന ഏഷ്യൻ മാസ്റ്റർസ് അത്ലറ്റിക് മീറ്റിൽ അഞ്ചു കിലോമീറ്റർ നടത്ത മത്സരത്തിൽ വെള്ളിമെഡൽ നേടിയ എ.ഒ ഉണ്ണികൃഷ്ണൻ, നൂറു മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയ സമദ് മാസ്റ്റർ എന്നിവർക്ക് ചടങ്ങിൽ ഐ.എം വിജയൻ ഉപഹാരം നൽകി.
ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണ് അധ്യക്ഷത വഹിച്ചു. എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റും മുൻ ഫുട്ബോൾ താരവുമായ കുരികേശ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രദർശന നഗരിയിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ സമ്മാനാർഹയായ മേലാറ്റൂർ സ്വദേശിനി കരുണക്ക് വിജയൻ സമ്മാനം നൽകി.
ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരസമർപ്പണം ഐ.എം വിജയന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പനും എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് കുരികേശ് മാത്യുവിന് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണും നിർവഹിച്ചു. പി.എച്ച് വീരാൻകുട്ടി, ജില്ലാ സാമൂഹിക നീതി ഓഫീസർ കെ. കൃഷ്ണമൂർത്തി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക പരിപാടിയുടെ ഭാഗമായി സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും തെയ്യം തിറയും അരങ്ങേറി.