കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരേ മുൻ ഇന്ത്യൻ താരം ഐ.എം.വിജയനും രംഗത്ത്. കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോൾ സ്റ്റേഡിയമായാണു നിർമിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ ഒരു ഫുട്ബോൾ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും വിജയൻ ചോദിക്കുന്നു.
രാജ്യത്ത് മികച്ചതെന്ന് ഫിഫ തെരഞ്ഞെടുത്ത ആറു ഗ്രൗണ്ടുകളിൽ ഒന്ന് ഒരു ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്നും വിജയൻ വ്യക്തമാക്കി.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചിയിൽ നടത്താനുള്ള നീക്കത്തിനെതിരേ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം ഇയാൻ ഹ്യൂം, മലയാളി താരം സി.കെ.വിനീത്, ശശി തരൂർ എംപി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഭ്രാന്ത·ാരുടെ നാട് എന്ന് ഇന്ത്യ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ഫുട്ബോൾ മൈതാനം തന്നെ ക്രിക്കറ്റിനുവേണ്ടി കുഴിക്കണമെന്നത് നിർബന്ധമാണോ എന്നാണു വിനീതിന്റെ ചോദ്യം.
അണ്ടർ 17 ലോകകപ്പിനായി ഉപയോഗിച്ച ഗ്രൗണ്ടിൽ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയശശി തരൂർ, ബിസിസിഐ താത്കാലിക ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്ന വിനോദ് റായിയുമായി ഇക്കാര്യം ചർച്ച ചെയ്തതായി അറിയിച്ചു. തിരുവനന്തപുരത്തുനിന്നു മത്സരം മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ഫുട്ബോൾ സ്റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ഒരു ഫുട്ബോൾ മത്സരം മാത്രം നടത്താനായി കോൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഇയാൻ ഹ്യൂം ചോദിക്കുഞ്ഞു.