തൃശൂർ: ഹോമിയോപ്പതി ചികിത്സ ശാസ്ത്രീയമല്ലെന്നതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്കയച്ച കത്ത് പിൻവലിക്കണമെന്നു ഹോമിയോ ഡോക്ടർമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കു കത്തയച്ച നടപടിയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതികൾ അയച്ചു.
സർക്കാരിന്റെ കീഴിൽ ഹോമിയോ മെഡിക്കൽ കോളജുകളും ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഹോമിയോ നിരോധിക്കണമെന്ന ഐഎംഎയുടെ ആവശ്യം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹോമിയോപ്പതി റിട്ട. ഡിഎംഎ ഡോ.എൻ.എ.നസറുള്ള പറഞ്ഞു. കത്ത് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കാനാണ് നീക്കം.
ഐഎംഎയുടെ നടപടിക്കെതിരെ മനുഷ്യാവകാശസംഘടനകളുടെ സഹകരണത്തോടെ 25നു രാവിലെ പത്തുമുതൽ കോർപറേഷൻ ഓഫീസിനുമുന്പിൽ ഹോമിയോ മെഡിക്കൽ ക്യാന്പ് നടത്തും. പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാ ഹോമിയോപ്പതി ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. ജോളി ജനാർദനൻ, ഡോ. സജി, ജോണി വർഗീസ്, കക്കായ് ചീഫ് കോ-ഓർഡിനേറ്റർ ശ്രീധരൻ തേറന്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.