തിരുവനന്തപുരം: വിതുര തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ഇമാം ഷെഫീഖ് അൽ ഖാസിം കുറ്റം സമ്മതിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം ഏറ്റുപറഞ്ഞത്. സംഭവത്തിന് ശേഷം ഇമാമിനെ രക്ഷപെടാൻ സഹായിച്ചവരെയും കേസിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം. ഇതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇമാമിന് ഒളിവിൽ പോകാൻ സഹായം ചെയ്ത് കൊടുത്തതിന് സഹോദരൻമാരെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണമാണ് ഇമാമിനെ കുടുക്കാൻ സഹായിച്ചത്. ഇമാമിന്റെ സഹായി പെരുന്പാവൂർ സ്വദേശിയായ നൗഷാദിന്റെ മൊബൈൽ ഫോണ്‍ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുരയിലെ ഇമാമിന്റെ ഒളിസങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
നൗഷാദിന്റെ നിർദേശാനുസരണം പെരുന്പാവൂർ സ്വദേശിയായ റാഫിയാണ് ഇമാമിനോടൊപ്പം സഹായിയായിട്ട് ഒളിവ് സങ്കേതങ്ങളിൽ ഉണ്ടായിരുന്നത്. ഇയാൾ ഇമാമിന്റെ ഡ്രൈവറായും പ്രവർത്തിച്ച് വരികയായിരുന്നു. റാഫിയുടെയും നൗഷാദിന്റെയും ടെലിഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇമാം ഓരോ ദിവസവും ഒളിസങ്കേതം മാറുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസിന് മനസിലാക്കാൻ സാധിച്ചത്.
ഇമാമിനെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്നാണ് പുതുതായി ചുമതലയേറ്റ എസ്പി അശോകൻ കേസിന്റെ മേൽനോട്ടം ഏറ്റെടുത്തത്. ഇമാമിനെയും സഹായികളെയും ഇന്ന് കോടതിയിൽ ഹാജരാക്കി ഹാജരാക്കും. തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിക്കാൻ
പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതിന് ശേഷം വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേപ്പാറയ്ക്കടുത്തു വനത്തിനുള്ളിൽ വച്ചായിരുന്നു പീഡനം. ഇമാമിന്റെ കാർ പ്രധാന പാതയിൽ നിന്ന് അകലെ വനത്തിൽ കിടക്കുന്നതു കണ്ട തൊഴിലുറപ്പു തൊഴിലാളികൾ പരിശോധിക്കവെയാണ് ഇയാളെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും കണ്ടത്.
തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇവർ നൽകിയത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി വിശദമായി ചോദ്യം ചെയ്തതോടെ ലൈംഗിക ചൂഷണമാണെന്ന് ബോധ്യമാവുകയായിരുന്നു. തുടർന്നു പള്ളിഭാരവാഹികളെ വിവരം അറിയിച്ചു.
കുട്ടി തന്റെ ബന്ധുവാണെന്നായിരുന്നു ഇമാം ആദ്യം പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രശ്നം രൂക്ഷമായി. തുടർന്ന് ഇയാളെ ജമാ അത്തിൽ നിന്നു പുറത്താക്കി. ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചൈൽഡ് വെൽഫയർ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് നിർദേശം നൽകുകയും ചെയ്തു.
തുടർച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്സലിംഗിനൊടുവിലാണ് ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ മൊഴി നൽകിയത്. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി തെളിയുകയും ചെയ്തു.
എന്നാൽ ഇമാമിനെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ നേരത്തേ പരാതി നൽകാൻ തയാറായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാർക്കുമേൽ ഇമാമിനുള്ള സ്വാധീനമാണു ഇതിന് കാരണമായത്. പീഡന വിവരം ബന്ധുവിന് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നൽകിയിരുന്നു. തുടർന്ന് പോക്സോ ചുമത്തി പോലീസ് കേസെടുത്തതോടെ ഇമാം തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.