തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കുന്നതിനും പ്രതിയെ എത്രയും വേഗം കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ഉത്തരവിട്ടു. സംഘത്തിൽ 14 പേരാണുള്ളത്.
തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകൻ, പാലോട് ഇൻസ്പെക്ടർ കെ.ബി. മനോജ്കുമാർ, വിതുര എസ്എച്ച്ഒ വി. നിജാം എന്നിവരും മൂന്ന് സബ് ഇൻസ്പെക്ടർമാരും മൂന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ർമാരും രണ്ട് സീനിയർ സിവിൽ പോലീസ് ഓഫീസർമാരും മൂന്ന് സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
കേസിലെ പ്രതികളെ പിടികൂടുന്നതിന് സംസ്ഥാനത്തും പുറത്തുമായി അഞ്ച് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും സഹകരണത്തോടെ കേരള പോലീസിന്റെ വിവിധ വിഭാഗങ്ങൾ അന്വേഷണം നടത്തിവരുന്നു.
പ്രതിക്ക് താമസസൗകര്യവും സാന്പത്തികസഹായവും നൽകിവന്നിരുന്ന സഹോദരങ്ങൾ ഉൾപ്പെടെ ഏഴു പേരെക്കൂടി കേസിൽ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച കാർ ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.
കൂടാതെ കുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനും ഇമാമിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.