എടത്വ: കോവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ ഒഴിവാക്കി പെരുന്നാൾ ദിനത്തിൽ അന്ധന് സ്നേഹ സമ്മാനവുമായി ഇമാം എത്തി.
സുമനസുകളുടെ കാരുണ്യത്താൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കറ്റോട് തലപ്പാലയിൽ ജോസിന് ( 62 ) സൗഹൃദവേദി നിർമിച്ചു നല്കുന്ന സ്വപ്ന ഭവനത്തിലേക്കാണ് പെരുന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സ്നേഹ സമ്മാനവുമായി കെ.ജെ. സലീം സഖാഫി വീയപുരം, സിയാദ് വീയപുരം എന്നിവർ എത്തിയത്.
നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ട രംഗം ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് സുപ്രിയയ്ക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.
എന്നാൽ സുപ്രിയ കയറ്റി വിട്ട നൂറ് ശതമാനം കാഴ്ച നഷ്ടപെട്ട വ്യക്തിയെ തേടിയാണ് ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോണ്സണ് വി. ഇടിക്കുളയും സംഘവും തൊട്ടടുത്ത ദിവസം പോയത്.
സൗഹൃദ വേദി സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, പി.ഡി. സുരേഷ്, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ, പോൾ.സി. വർഗീസ്, സിയാദ് മജീദ് എന്നിവർ ചേർന്നാണ് വൃദ്ധനായ തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിന്റെ (62) വീട്ടിൽ എത്തിയത്.
ജോസിന് 22 വർഷങ്ങൾക്ക് മുന്പാണ് കണ്ണിന്റെ കാഴ്ചശക്തി കുറയാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്താൻ കഴിയാതിരുന്നതു മൂലം 12 വർഷമായി നൂറു ശതമാനവും അന്ധനായി കഴിയുകയാണ് ജോസ്.
തിരുവല്ല നഗരസഭ 2006 ൽ ആണ് രണ്ട് സെന്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും 70000 രൂപ നല്കിയത്. ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിന്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന 2008 -ൽ ഒരു വീട് വാഗ്ദാനം ചെയ്തു.
വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും 10 വർഷമായി നിർമാണം പാതി വഴിയിലാണ്. സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇവരുടെ താമസം. കഴിഞ്ഞ ദിവസം പല വ്യക്തികൾ ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അടുക്കള ഉപകരങ്ങൾ എന്നിവ എത്തിച്ചിരുന്നു.
പെരുന്നാൾ ദിനമായ ഇന്നലെ പാത്രങ്ങൾ, ഡിന്നർ സെറ്റ്, ഫാനുകൾ, ട്യൂബ് ലൈറ്റുകൾ, എൽഇഡി ബൾബുകൾ എന്നിവയുമായാണ് ഉപകാരി ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ കൂടിയായ കെ.ജെ. സലിം സഖാഫി എത്തിയത്.
സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്സണ് വി.ഇടിക്കുള, സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, പി.ഡി. സുരേഷ്, വിൻസൻ പൊയ്യാലുമാലിൽ, ബിജു ബേബി എന്നിവർ ഭവനം സന്ദർശിച്ചു.