അബുദാബി: ഭാരത്താൽ ബുദ്ധിമുട്ടി ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ഈജിപ്തുകാരി ഇമാൻ അഹമദ് വൈദ്യശാസ്ത്രത്തിന് വീണ്ടും പ്രതീക്ഷ നൽകുന്നു. മുംബൈയിൽ നിന്നും തുടർ ചികിത്സകൾക്ക് അബുദാബിയിലെ ആശുപത്രിയിൽ എത്തിച്ച ഇമാൻ തളർന്നുപോയ തന്റെ വലതുകരം 25 വർഷത്തിന് ശേഷം ഉയർത്തി. ഇത് പ്രതീക്ഷ നൽകുന്നതാണെങ്കിലും ഹൃദയത്തിലെ സുഷിരം ഡോക്ടർമാർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അബുദാബിയിലെ ബുർജീൽ ആശുപത്രിയിലാണ് ഇമാന്റെ ചികിത്സകൾ തുടരുന്നത്. 20 അംഗ വിദഗ്ധ സംഘമാണ് ഇമാന്റെ ചികിത്സകൾക്ക് ചുക്കാൻ പിടിക്കുന്നത്. ശാരീരികമായും മാനസികമായും ഇമാന്റെ അവസ്ഥ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. അതിനുള്ള ചികിത്സകളാണ് ഇപ്പോൾ നടക്കുന്നത്. മാനസികമായി ഇമാൻ നില മെച്ചപ്പെടുത്തിയാൽ വർഷങ്ങളായി കിടക്കയിൽ കിടന്നുണ്ടായ മുറിവുകൾക്കും തുടർച്ചയായി അലട്ടുന്ന പനിക്കും ചികിത്സ തുടങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.
504 കിലോ ഭാരവുമായി ഫെബ്രുവരി 11-നാണ് ഇമാൻ മുംബൈയിലെ സെയിഫി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. മൂന്ന് മാസത്തെ ചികിത്സകൾക്കൊടുവിൽ 300 കിലോയായി ഇമാൻ ഭാരം കുറഞ്ഞു. ബരിയാട്രിക് ശസ്ത്രക്രിയയിലൂടെയും പ്രത്യേക ആഹാരക്രമത്തിലൂടെയുമാണ് ഭാരം കുറച്ചത്. പിന്നീട് മേയ് നാലിന് തുടർ ചികിത്സകൾക്കായി ഇമാനെ അബുദാബിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
36 വയസുകാരിയായ ഇമാന് 11-ാം വയസിലാണ് ആദ്യ പക്ഷാഘാതം ഉണ്ടാകുന്നത്. തുടർന്ന് ശരീരത്തിന്റെ വലതുഭാഗം തളർന്നുപോവുകയായിരുന്നു. പിന്നീട് സ്വന്തം കാലിൽ നിൽക്കാൻ കഴിയാതിരുന്ന ഇമാന്റെ ഭാരം ക്രമാതീതമായി ഉയരുകയായിരുന്നു.