മാവേലിക്കര: മഹത്തായ പങ്കുവെക്കലിന്റെ അനുഭവം ലോകത്തിനു പകരുന്ന തിരുവത്താഴചിത്രം സംസ്ഥാന അവാര്‍ഡ് ജേതാവ് സുനില്‍ തഴക്കരയുടെ കരങ്ങളിലൂടെ പൂര്‍ണതയിലേക്ക്.
പുതുക്കി നിർമിച്ച കൊട്ടാരക്കര കുളക്കട സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ സ്ഥാപിക്കാനാണ് ഈ ചിത്രം നിർമിക്കുന്നത്.
എട്ടടി നീളവും നാലടി വീതിയിലുമുള്ള വലിയ തിരുവത്താഴ ചിത്രമാണ് മാവേലിക്കര തഴക്കരയിലെ സുനിലിന്റെ വീട്ടില്‍ പൂര്‍ത്തിയായിരിക്കുന്നത്.
ലോക പ്രശ്സ്ത ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചി അതില്‍ സന്നിവേശിപ്പിച്ച ആശയത്തിന്റെ തനിമ വിടാതെ തന്റേതായ ശൈലിയില്‍ പൂര്‍ത്തീകരിക്കാന്‍ ഒരു മാസത്തോളമെടുത്തതായി ചിത്രകാരന് പറയുന്നു.
മാവേലിക്കര ഗവ. രാജാ രവിവർമ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും പെയിന്റിംഗില്‍ ബിരുദമെടുത്ത സുനില്‍ തഴക്കര കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് ബഥനി സീനിയര്‍ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് .
സ്കൂളിലെ സഹഅദ്ധ്യാപിക വത്സമ്മ ബോബന്റെ ആഗഹ പ്രകാരമാണ് തിരുവത്താഴ ചിത്രം വരക്കുന്നതിനു സുനിലിന് അവസരം ലഭിച്ചത്.
റിട്ട. ചിത്രകലാ അധ്യാപകനായ അച്ഛന് ആര്‍ട്ടിസ്റ്റ് കുമാറും , മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ പബ്ലിക്ക് സ്കൂളിലെ ചിത്രകലാ അധ്യാപികയും ഭാര്യയുമായ സുമികലയും ചിത്രം വരയ്ക്കുന്നതിനു പിന്തുണയേകി.
ഭദ്രകാളീ മുടിനിർമാണത്തിന് 2020ലെ സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡ് ലഭിച്ച സുനില്‍ തഴക്കര ഓച്ചിറ വവ്വാക്കാവ് കണ്ടത്തില്‍ ഭദ്രകാളീ ക്ഷേത്രത്തിലേക്കുള്ള ഭദ്രകാളീ മുടി നിർമാണത്തിലുമാണ് ഇപ്പോള്‍.
പള്ളിയുടെ മുന്‍ഭാഗത്ത് സ്ഥാപിക്കുന്ന ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ അതില്‍ തന്റെ സ്ഥാനം എവിടെയാണെന്നുള്ളത് പ്രേക്ഷകര്‍ മനസിലാക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും സുനില്‍ തഴക്കര പറയുന്നു.