ചങ്ങനാശേരി: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് യൗസേപ്പിതാവിന്റെ മരണം ചിത്രീകരിക്കുന്ന എണ്ണഛായാചിത്രം ചങ്ങനാശേരിപള്ളിയിൽ പുനഃസ്ഥാപിച്ചു.
പള്ളിയുടെ തെക്കേനടയിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം കാലപ്പഴക്കം കൊണ്ട് മങ്ങിയപ്പോൾ പഴയ പള്ളിമേടയിലാണ് സൂക്ഷിച്ചിരുന്നത്.
പിന്നീട് പള്ളിയുടെ ഓഫീസ് മുറിയിൽ വച്ചിരുന്ന ഏതാണ്ട് നൂറു വർഷം പഴക്കമുള്ള ഈ കാൻവാസ് പെയിന്റിംഗിൽ മാർ യൗസേപ്പിന്റെ മരണനേരമാണ് ചിത്രീകരിച്ചിരിക്കുന്നത്.
മരിക്കാൻ ഭയമായിരുന്ന യൗസേപ്പിതാവിനെ ആശ്വസിപ്പിക്കുവാൻ പരിശുദ്ധ മറിയം പുത്രനായ ഈശോയെ വിളിച്ചുവരുത്തുകയും ഈശോ വന്ന് അദ്ദേഹത്തിനു നന്മരണത്തിന്റെ മധ്യസ്ഥസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തു എന്ന പാരന്പര്യമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
യൗസേപ്പിതാവിന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് ആനയിക്കാനായി വന്ന മാലാഖാമാർ ഈ രംഗം നോക്കിനിൽക്കുന്നതും ആകാശമേഘങ്ങളിൽ ഇരുന്ന് മറ്റ് രണ്ട് മാലാഖാമാർ യൗസേപ്പിതാവിന്റെ സുകൃതങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം മറിച്ചുനോക്കുന്നതും ചിത്രത്തിൽ കാണാം.
മരണക്കിടക്കയിൽ തന്റെ ആത്മാവിനെ ദൈവത്തിന് കൈയാളിക്കുന്ന യൗസേപ്പിന്റെ ക്ഷീണിതവും എന്നാൽ സംതൃപ്തവുമായ മുഖഭാവവും ആകുലതയോടെ നോക്കുന്ന മറിയത്തിന്റെയും ധൈര്യം പകരുന്ന ഈശോയുടെയും ഈ സംഭവം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മാലാഖമാരുടെയും വികാരസാന്ദ്രമായ ഭാവങ്ങൾ ഒപ്പിയെടുത്തിരിക്കുന്ന ചിത്രകാരൻ ആരാണെന്ന് ഇനിയും അറിവായിട്ടില്ല.
വിദേശികൾ പോലും അപൂർവസുന്ദരമായ ഈ പെയിന്റിംഗിന് വലിയ വില വാഗ്ദാനം ചെയ്തിട്ടും കൈമാറാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് പള്ളിയുടെ ചരിത്രകാരൻ ജോസഫ് കൂട്ടുമ്മേൽ ചങ്ങനാശേരിയും ചങ്ങനാശേരിപ്പള്ളിയും എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
ഈ പെയിന്റിംഗിന്റെ പഴമയും തനിമയും നഷ്ടപ്പെടുത്താതെ പുനരുദ്ധരിച്ചത് ആർട്ടിസ്റ്റ് വിജയനാണ്.
പള്ളിയുടെ തെക്കേ ഭിത്തിയിൽ സ്ഥാപിച്ച ഈ പെയിന്റിംഗ് മാർ യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ആശീർവദിച്ചു പൊതുവണക്കത്തിനായി പുനഃ പ്രതിഷ്ഠിച്ചിരിക്കുകയാണ്.
ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം ഇന്ന് 4.30ന് ചന്പക്കുളം ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.