വാഷിംഗ്ടൺ: ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും 2019 ൽ വൻ സാമ്പത്തിക മാന്ദ്യമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). 2019 ൽ ലോകത്തിലെ 90 ശതമാനം ഇടങ്ങളിലും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജിവ പറഞ്ഞു. ലോകസമ്പദ്വ്യവസ്ഥ ഇപ്പോൾ കടുത്ത മാന്ദ്യത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. ചുമതല ഏറ്റെടുത്ത ശേഷം ഐഎംഎഫ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അവർ.
ലോക വ്യാപകമായ ഇടിവ് അർഥമാക്കുന്നത് ഈ വർഷത്തെ വളർച്ച ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മാന്ദ്യം പ്രകടമാണ്. എന്നാൽ യൂറോ സോൺ, യുഎസ്, ജപ്പാൻ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളിൽ മാന്ദ്യം അത്ര പ്രകടമല്ലെന്നും അവർ പറഞ്ഞു. ചൈനയുടെ പെട്ടെന്നുള്ള വളർച്ചയും ക്രമേണ താഴേയ്ക്കാവുമെന്നും അവർ കൂട്ടിച്ചേർത്തു.
വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള വാണിജ്യതർക്കങ്ങൾ പോലുള്ളവ ആഗോള മാന്ദ്യത്തിനു ഇടയാക്കി. ബ്രെക്സിറ്റ് പോലുള്ള തർക്കങ്ങളും അനിശ്ചിതത്വത്തിന് കാരണമായെന്നും ബൾഗേറിയൻ സാമ്പത്തിക ശാസ്ത്രജ്ഞ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് ഐഎംഎഫ് നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് ജഡിപി കൂപ്പുകുത്തി. വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പുമാമ് രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളർച്ചയെ പിന്നോട്ടടിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ എട്ട് ശതമാനം വർധന ഉണ്ടായിരുന്നു.