കാര്യങ്ങള്‍ കൈയ്യില്‍ നിന്നു പോയെന്നു മനസ്സിലായതോടെ രാഷ്ട്രീയപ്രതികാരം ഭയന്ന് ഇമ്രാന് ഖാന്റെ കൂട്ടാളികള്‍ രാജ്യം വിടുകയാണ്.
ഇമ്രാന്റെ മൂന്നാം ഭാര്യ ബുഷ്ര ബീബിയുടെ ഉറ്റ സുഹൃത്തായ ഫറാ ഖാനാണ് ഒടുവില്‍ രാജ്യംവിട്ടത്.
ഇവര്‍ 32 മില്യണ്‍ ഡോളര്‍ കുംഭകോണത്തില്‍ അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഫറാ ഖാന്റെ ഭര്‍ത്താവ് ജമില്‍ ഗുജ്ജാര്‍ നേരത്തേ ദുബായിലേക്ക് കടന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫറാ ഖാന് രാജ്യം വിട്ട് ദുബായില്‍ ഇറങ്ങിയതെന്ന് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയതിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ അന്തരീക്ഷമാണ് ഇവരെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന ഭയമാണ് ഇതിന് കാരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഫറാ ഖാന് കൈക്കൂലി വാങ്ങി സ്ഥലം മാറ്റം തരപ്പെടുത്തി നല്കി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വന്‍ തുകയാണ് ഇത്തരത്തില്‍ ഇവര്‍ കൈക്കലാക്കിയത്. ‘എല്ലാ അഴിമതികളുടെയും മാതാവ്’ എന്നാണ് ഫറാ ഖാനെ അതിനാല്‍ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.
ഉദ്ദേശം ആറ് ബില്യണ്‍ പാകിസ്ഥാന് രൂപ (32 മില്യണ്‍ ഡോളര്‍) ഇത്തരത്തില്‍ ഫറാ ഖാന് സ്വന്തമാക്കി.
ഇമ്രാന് ഖാന്റെയും ഭാര്യയ്ക്കും ഈ പ്രവര്‍ത്തികളില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഫറാ ഖാന് അഴിമതി നടത്തിയതെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.
ഇമ്രാന് ഖാന് ദുര്ബലനാകുന്നതോടെ അദ്ദേഹത്തിന്റെ കൂടുതല്‍ കൂട്ടാളികള്‍ രാജ്യം വിട്ട് സുരക്ഷിത ഇടങ്ങളില്‍ ചേക്കേറാന്‍ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.