ഇന്ത്യയുടെ അയല്രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില് ഉഴലുകയാണ്. തൊട്ട് അയല്രാജ്യമായ നില്ക്കക്കള്ളിയില്ലാതെ അമേരിക്കയ്ക്കും ഐഎംഎഫിനും മുന്നില് കൈനീട്ടിയിരിക്കയാണ്.
ഈ പരിതസ്ഥിതികള്ക്കിടെയും പിടിച്ചു നില്ക്കുന്ന മുഖ്യരാജ്യം ഇന്ത്യയാണ്. എന്നാല് അടുത്ത സാമ്പത്തിക വര്ഷത്തില് ഇന്ത്യയുടെ വളര്ച്ചയില് ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) വ്യക്തമാക്കി.
അതേസമയം മറ്റു ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള് ഇന്ത്യയുടെ നില മെച്ചമായിരിക്കുമെന്നാണ് വിലയിരുത്തല്.
ഇന്ത്യയുടെ സാമ്പത്തിക വളര്ച്ച ഈ വര്ഷത്തെ 6.8 ശതമാനത്തില് നിന്ന് വളര്ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
ലോക സമ്പദ്വ്യവസ്ഥയില് വരുന്ന വര്ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നു.
2022ലെ 3.4 ശതമാനത്തില്നിന്ന് 2023ല് വളര്ച്ച 2.9 ശതമാനായി കുറയും. 2024ല് ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.
എന്നാല് ഇന്ത്യയില് സാമ്പത്തിക തളര്ച്ച കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി. മാര്ച്ച് 31ന് അവസാനിക്കുന്ന വര്ഷത്തില് 6.8 ശതമാനം വളര്ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക.
ഇതില് മാറ്റമില്ല. അടുത്ത വര്ഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവുകയെന്ന് ഐഎംഎഫ് പറഞ്ഞു.
2024ല് ഇന്ത്യ 6.8 ശതമാനം വളര്ച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു. നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ല് ചൈനയുടെ വളര്ച്ച 3ശതമാനമായി കുറയും.
നാല്പ്പതു വര്ഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളര്ച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ല് ചൈന 5.2 ശതമാനം വളര്ച്ചയിലേക്കു തിരിച്ചെത്തും.
എന്നാല് 2024ല് 4.5 ശതമാനത്തിലേക്കു താഴും. 2023ല് ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളര്ച്ചയുടെ 50 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയും ചേര്ന്നായിരിക്കുമെന്ന് ഐഎംഎഫ് പറഞ്ഞു.
ലോക സമ്പദ് വ്യവസ്ഥയുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പിയറി-ഒലിവിയര് ഗൗറിഞ്ചസ് പറഞ്ഞു.
എന്നാല് പാക്കിസ്ഥാന്റെ സാമ്പത്തിക നില അതീവ ഗുരുതരമായി തുടരുകയാണ്.
അന്താരാഷ്ട്ര നാണയ നിധിയില് നിന്ന് ആവശ്യമായ വായ്പകള് നേടിയെടുക്കുന്നതിന്റെ ഭാഗമായി സര്ക്കാര് ഇളവുകള് കൊണ്ടുവന്നതോടെ പാക്കിസ്ഥാന് കറന്സി റെക്കോര്ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്. വന് കടബാധ്യതയാണ് പാക്കിസ്ഥാനു മേല് നിലനില്ക്കുന്നത്.