പാറശാല: ബംഗളൂരുവിൽ നിന്നും തട്ടികൊണ്ടുവന്ന അഞ്ചു വയസുകാരിയെ അമ്മയ്ക്ക് കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നാഗർകോവിൽ എസ്പി ഓഫീസിൽ വച്ചാണ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ടു കളിയിക്കാവിള പോലീസ് കസ്റ്റഡിയിലായിരുന്ന കാട്ടാക്കട പൂവച്ചൽ സ്വദേശി ജോസഫ് ജോൺ (55), കൂടെയുണ്ടായിരുന്ന എസ്തർ ലത (37) എന്നിവരെ ബംഗളൂരു പോലീസിനു കൈമാറി .
ബുധനാഴ്ച പുലർച്ചെ 2.30 മണിയോടെ കളിയിക്കാവിള ബസ്സ്റ്റാൻഡിൽ നിന്നുമാണ് ജോസഫ് ജോണിനെയും കൂടെയുണ്ടായിരുന്ന എസ്തർ, എട്ടുവയസുള്ള ആണ്കുട്ടി, അഞ്ചു വയസുകാരി എന്നിവരെ കളിയിക്കാവിള സിഐ യുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്.
പതിവ് റോന്തു ചുറ്റലിനായി പുറപ്പെട്ട വനിതാ സിഐയും സംഘവുമാണ് കുരുന്നിനു രക്ഷകരായത്. കുട്ടി നിർത്താതെ കരയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സംഘം അടുത്തുചെന്നു വിവരം തിരക്കി.
കുട്ടി തന്റെ മകളാണെന്ന് ജോസഫ് ജോൺ സിഐയോടും സംഘത്തോടും പറഞ്ഞു. എന്നാൽ എസ്തറിനോട് തിരക്കിയപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു.
കുട്ടിയോട് കാര്യം ചോദിച്ചുവെങ്കിലും കന്നട മാത്രം അറിയാവുന്ന കുട്ടിക്ക് ഒന്നും മനസിലാകാത്തതു കാരണം മറുപടി കിട്ടിയില്ല. കൂടെയുള്ളത് രണ്ടുപേരും തന്റെ മക്കളാണെന്നാണ് ജോസഫ് ജോൺ പോലീസിനോട് ആവർത്തിച്ചുപറഞ്ഞത്.
എന്നാൽ ജോസഫ് ജോണിന്റെ മകനായ എട്ടുവയസുകാരൻ, കുട്ടിയെ ബംഗളൂരു മജെസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്നും ഐസ് ക്രീം വാങ്ങിക്കൊടുത്തു കൂട്ടികൊണ്ടു വന്നതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നാലുപേരെയും കളിയിക്കാവിള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ മജെസ്റ്റിക്കിൽ നിന്നും കഴിഞ്ഞ 18ന് തട്ടിക്കൊണ്ടു വന്നതാണെന്ന് ജോസഫ് ജോൺ സമ്മതിക്കുകയായിരുന്നു.
പോലീസ് കർണാടക പോലീസുമായി ബന്ധപ്പെട്ടപ്പോൾ കഴിഞ്ഞ 19 നു കർണാടകയിലെ ഉടയാർപ്പെട്ട പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതായി വിവരം ലഭിച്ചു.
തുടർന്ന് കുട്ടിയുടെ ഫോട്ടോ ബംഗളൂരുവിലേക്ക് അയച്ചുകൊടുത്തപ്പോൾ അവിടെ നിന്ന് കാണാതായ കുട്ടിയാണെന്ന് വ്യക്തമായി.
തുടർന്ന് എസ്തറിനെയും ജോസഫ് ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ രണ്ടുപേരെയും നാഗർകോവിൽ ശിശുവികസന സമിതിക്ക് കൈമാറുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെ ബംഗളൂരുവിൽനിന്നും വനിതാ പോലീസ് ഉൾപ്പടെയുള്ള സംഘവും കുട്ടിയുടെ അമ്മയും ബന്ധുക്കളുമായി നാഗർകോവിൽ എസ്പി ഓഫീസിൽ എത്തിച്ചേർന്നു.
തുടർന്ന് കുട്ടിയെ കർണാടക പോലീസിന് കൈമാറുകയും പോലീസ് അമ്മയ്ക്ക് കുട്ടിയെ കൈമാറുകയും ചെയ്തു. ജോസഫ് ജോണിനെയും എസ്തർ ലതയെയും കർണാടക പോലീസ് കസ്റ്റഡിയിൽ എടുത്തു.
കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കർണാടക ഉടയാർപ്പെട്ട പോലീസ് സ്റ്റേഷനിലായതിനാൽ നിയമനടപടികൾ അവിടെ തുടരുമെന്ന് പോലീസ് പറഞ്ഞു.
പൂവച്ചൽ സ്വദേശിയായ ജോസഫ് ജോൺ തന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയുമായി എട്ടു വർഷം മുന്പ് കർണാടകയിൽ എത്തിയതാണ്. അവിടെ പരിചയപ്പെട്ട എസ്തർ ലതയുമായി കർണാടക -ആന്ധ്ര അതിർത്തിയിൽ കഴിഞ്ഞു വരവെയാണ് ഇക്കഴിഞ്ഞ 18നു കുട്ടിയെ തട്ടിയെടുത്തത്.
രണ്ടാഴ്ചയോളം കുട്ടിയുമായി വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങിയതിനു ശേഷം തിരുവനന്തപുരത്തേക്കു പോകാനായി ചൊവാഴ്ച രാത്രിയിൽ കളിയിക്കാവിളയിൽ എത്തിച്ചേരുകയായിരുന്നു.
തിരുവനന്തപുരത്തേക്ക് ബസ് ഇല്ലാതിരുന്നതു കാരണമാണ് പ്രതികൾ പോലീസിന്റെ വലയിലായത്.