സെബി മാത്യു
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡൽഹി വിജ്ഞാൻ ഭവനിൽ ചർച്ച നടത്തും.
ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചതായി സംയുക്ത കിസാൻ മോർച്ച സമിതി അംഗം അഭിമന്യു കോഹാർ അറിയിച്ചു. ചർച്ചയിൽ പങ്കെടുക്കുമെന്നു ഭാരതീയ കിസാൻ യൂണിയൻ ദവോബ ജനറൽ സെക്രട്ടറി സത്നാം സിംഗ് സഹാനിയും പറഞ്ഞു.
ഇതിനിടെ, നാല് ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച കേന്ദ്ര കൃഷി സെക്രട്ടറി സഞ്ജയ് അഗർവാളിനു കത്തു നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ ആരുടെയും സമ്മർദം വിലപ്പോകില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ വാക്കുകൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്നുള്ളതിന്റെ സൂചനയാണു നൽകുന്നത്.
ചർച്ചയ്ക്കു മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി ചർച്ച നടത്തി.
അതിനിടെ, കാർഷിക വിഷയത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ചില കർഷക സംഘടനകൾ രംഗത്തെത്തി. പ്രതിപക്ഷം ശക്തമായിരുന്നെങ്കിൽ തങ്ങൾക്ക് ഇപ്പോൾ സമരം ചെയ്യേണ്ട ആവശ്യമുണ്ടാകുമായിരുന്നോ എന്നു ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത് ചോദിച്ചു.
കർഷകർ സമരം ചെയ്യുന്ന സിംഗു അതിർത്തിയിൽ ഡൽഹി സർക്കാർ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി. ഇന്നു നടക്കുന്ന ചർച്ചയ്ക്കുശേഷവും സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ സമരം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് കർഷകർ.
സിംഗുവിലുണ്ടായിരുന്ന സമരവേദിയേക്കൾ നാലിരട്ടി വലുപ്പത്തിലാണ് ഡൽഹിയോട് ചേർന്ന് ഈ പ്രദേശത്ത് തന്നെ കർഷകർ പുതിയ സമരവേദി തയാറാക്കിയിരിക്കുന്നത്.
മധ്യപ്രദേശിൽ അഖില ഭാരതീയ കിസാൻ സമന്വയ സമിതിയുടെ ആഭിമുഖ്യത്തിൽ ഗവർണറുടെ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ഇടത് കാർഷിക സംഘടനകളും മാർച്ചിൽ പങ്കെടുത്തു.
മാർച്ച് തടഞ്ഞ് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. ഹരിയാനയിൽ ജിൻഡിൽ നിന്നുള്ള പതിനാല് ഖാപ്പ് പഞ്ചായത്ത് തലവൻമാർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
സമരത്തിനു വീര്യംകൂട്ടാൻ വാഴക്കുളത്തിന്റെ മധുരസമ്മാനം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വാഴക്കുളത്തെ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ അയച്ച 16 ടണ് പൈനാപ്പിൾ ഇന്നലെ കർഷക സമരം നടക്കുന്ന ഡൽഹിയിലെ തിക്രി അതിർത്തിയിൽ എത്തി.
കർഷകർക്കു സൗജന്യമായി വിതരണം ചെയ്യാനായി വ്യാഴാഴ്ചയാണ് ഇത് കേരളത്തിൽ നിന്നയച്ചത്. കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നിന്നയച്ച സമ്മാനത്തിന് സമരസ്ഥലത്തെ കർഷകർ നന്ദി അറിയിച്ചു.
പൈനാപ്പിൾ വിതരണത്തിൽ ബിനോയ് വിശ്വം എംപി പങ്കെടുത്തു. പഞ്ചാബിൽനിന്നുള്ള യുവാക്കൾ കേരളത്തിന്റെ പൈനാപ്പിൾ സമ്മാനത്തെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റാക്കി. കർഷകരുടെ പൊതുവായ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഡൽഹി അതിർത്തികളിൽ കർഷകർ സമരം ചെയ്യുന്നത്.
ആ നിലയ്ക്ക് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് തങ്ങളുടെ കടമയാണെന്നു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.