കുമളി: സഹോദരങ്ങളായ കുരുന്നുകളെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ സംസ്കാരം തടഞ്ഞു. കുമളി ആനക്കുഴി എസ്റ്റേറ്റ് ലയത്തിൽ പുതുവൽ പഴയകാട് ഭാഗത്ത് താമസിക്കുന്ന അനീഷ് – എസ്കിയമ്മ ദന്പതികളുടെ മക്കളായ അഭിജിത് – എട്ട്, ലക്ഷ്മിപ്രിയ – ആറ് എന്നിവരെയാണ് ശനിയാഴ്ച രാവിലെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കുട്ടികളെ കാണാതായതായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാവിലെ ഒൻപതിന് കുട്ടികളുടെ മൃതദേഹം സംസ്കരിക്കാനായിരുന്നു തീരുമാനം.
മരണത്തിൽ ദുരൂഹത അരോപിച്ച് ബന്ധുക്കളും നാട്ടുകാരും സംസ്കാര നടപടികൾ തടയുകയായിരുന്നു. ഇ.എസ്. ബിജിമോൾ എംഎൽഎ സ്ഥലത്തെത്തി കട്ടപ്പന ഡിവൈഎസിപി എൻ.സി. രാജ്മോഹൻ കുമളി സി ഐ വി.കെ. ജയപ്രകാശ് എന്നിവരുടെ സാന്നിധ്യത്തിൽ നാട്ടുകാരും ബന്ധുക്കളുമായി ചർച്ച നടത്തി ഉച്ചയ്ക്ക് ഒന്നോടെ കുട്ടികളുടെ മൃതദേഹങ്ങൾ എച്ച് എം എൽ എസ്റ്റേറ്റിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.
കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചതോടെയാണ് നാട്ടുകാർ കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുവദിച്ചത്.
ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ജനറൽ സെക്രട്ടറി സിറിയക് തോമസ്, കോണ്ഗ്രസ് നേതാക്കളായ എം.എം. വർഗീസ്, ബിജു ദാനിയേൽ, പ്രസാദ് മാണി, റോബിൻ കാരക്കാട്ട, ബിനോയി നടൂപ്പറന്പിൽ, കുഞ്ഞുമോൾ ചാക്കോ, പഞ്ചാത്തു മെംബർമാരായ ഷീബാ സുരേഷ്, മണിമേഘല, ഹൈദ്രോസ് മീരാൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
സംശയങ്ങൾ നിരത്തി നാട്ടുകാർ
കുട്ടികളുടെ വീടുമായി അരകിലോമീറ്ററോളം ദൂരെയുള്ള കുളത്തിൽ കുട്ടികൾ സ്വയം എത്താനുള്ള ഒരു സാഹചര്യവുമില്ലെന്ന് നാട്ടുകാർ പറയുന്നു.
കിഴുക്കാംതൂക്കായ, നടപ്പാത പോലുമില്ലാത്ത കുളത്തിലേക്കു കുട്ടികൾ തനിച്ച് എത്തില്ലെന്നും പടുതാക്കുളത്തിനു മുകളിൽ വിരിച്ചിരിക്കുന്ന വല കുട്ടികൾക്ക് തനിച്ച് ഉയർത്തിമാറ്റാനാകില്ലെന്നുമാണ് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങൾ ഉൗരി കുളക്കരയിൽ മാറ്റി വച്ചനിലയിലായിരുന്നു.
കുളിക്കാനായി കുട്ടികൾക്ക് ഇത്ര സാഹസം കാട്ടി ഇവിടെ എത്തേണ്ടതില്ല. വീടിന്റെ സമീപത്തും കുട്ടികൾ മരിച്ചുകിടന്ന പടുതാക്കുളത്തിനു സമീപത്തും തുറന്നു കിടക്കുന്ന കുളങ്ങളും ഓലിയുമുണ്ട്. പെണ്കുട്ടിയുടെ അടിവസ്ത്രവും ഉൗരിവച്ചനിലയിലായിരുന്നു.
പെണ്കുട്ടി തനിച്ച് അങ്ങനെ ചെയ്യില്ലെന്നും കുട്ടിയെ ഏറെക്കാലമായി പരിചയമുള്ള അങ്കണവാടി അധ്യാപികയും പറയുന്നു. സ്കൂൾ തുറന്ന ഒന്നിന് കുട്ടികളെ സ്കൂളിൽ അയയ്ക്കാതിരുന്നതും സംശയത്തിന് ഇടം നൽകിയിട്ടുണ്ട്.
കുട്ടികളെ കാണാതായത് ഒരു മണിക്കൂറിനിടയിൽ
കുട്ടികളുടെ മാതാവിന്റെയും ഇവരുടെ മാതാപിതാക്കളുടെയും ഒപ്പമിരുന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷമാണ് കുട്ടികളെ കാണാതായത്. 12. 45നു ഭക്ഷണം കഴിഞ്ഞ് വല്യമ്മ കുട്ടികളെ വല്യപ്പനെ ഏൽപ്പിച്ച് ജോലിക്കു പോയതാണ്.
കുട്ടികൾക്ക് ടിവി ഒാണാക്കി കൊടുത്തശേഷമാണ് വല്യമ്മ പോയത്. കുട്ടികൾ ടിവി ക ണ്ടുകൊണ്ടിരിക്കുന്നതു കണ്ട ് പുറത്തുപോയ വല്യപ്പൻ 1.45നു തിരികെ വരുന്പോൾ കുട്ടികളെ കാണാനില്ല. വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുകയുമായിരുന്നു.
ഒരുവർഷമായി കുട്ടികളുടെ മാതാപിതാക്കൾ പിണങ്ങി അകന്നു കഴിയുകയായിരുന്നു. കുട്ടികളുടെ മരണത്തിൽ പുറത്തുനിന്നുള്ള ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുള്ളതായാണ് നാട്ടുകാരുടെ സംശയം. മരണകാരണം സംബന്ധിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമേ എന്തെങ്കിലും പറയുവാനാകൂ എന്ന് പോലീസും അറിയിച്ചു.