തൃശൂർ: അതിരാവിലെ ഗുരുവായൂരപ്പനെ തൊഴുതാണ് തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പരസ്യപ്രചാരണത്തിനു തുടക്കമിട്ടത്. പൂങ്കുന്നത്തുനിന്ന് രാവിലെ പത്തോടെ ബൈക്ക് റാലിയോടെ നഗരത്തിലേക്കു സ്വീകരിച്ചാനയിച്ചു. തുറന്ന ജീപ്പിൽ തുഷാറിനൊപ്പം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, ബിജെപി നേതാക്കളായ എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, കെ.പി. ശ്രീശൻ എന്നിവരും ഉണ്ടായിരുന്നു.
വടക്കുന്നാഥന്റെ മുൻവശത്തുനിന്നു വാഹനത്തിൽ നിന്നിറങ്ങിയ തുഷാറിനെ പിന്നീടു വാദ്യമേളങ്ങളുടെ അകന്പടിയോടെ നേതാക്കളും പ്രവർത്തകരും വോട്ടർമാരും ചേർന്നു ബിജെപി ഓഫീസിലേക്കു സ്വീകരിച്ചു.
മുൻ ഡിജിപി ടി.പി. സെൻകുമാർ പ്രസംഗിച്ചു. ലോകത്തിനാകെ ഫലവും പ്രാണവായുവും നൽകാൻ കഴിയുന്ന നരേന്ദ്ര മോദിയെന്ന മഹാവൃക്ഷവും ഒരു ബോണ്‍സായിയും തമ്മിലാണ് ഇക്കുറി മത്സരമെന്നു ടി.പി. സെൻകുമാർ പറഞ്ഞു. ഒരിക്കലും ഭരണത്തിലെത്താൻ കഴിയില്ലെന്ന് അറിയുന്നവർക്ക് എന്തും പറയാമെന്ന നിലയിൽ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കണ്ടാൽ മതിയെന്നു തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
എലൈറ്റ് ഹോട്ടലിൽ എൻഡിഎ നേതാക്കന്മാരുടെ യോഗത്തിലും പങ്കെടുത്തു. ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചു. മറ്റു സാമുദായിക നേതാക്കളെ ഇന്നു സന്ദർശിക്കും.
തുഷാറിന്റെ പ്രചാരണത്തിനു ബിജെപിയുടെ മുതിർന്ന കേന്ദ്ര നേതാക്കൾ തന്നെ എത്തുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.