താറാവും മൂങ്ങയുമൊക്കെ കൂട്ടുകാരാകുന്നത് കഥകളിൽ മാത്രം കേട്ടിട്ടുള്ള കാര്യമാണ്. എന്നാൽ അമേരിക്കയിലെ ഫ്ളോറിഡയിൽ ഇത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ലവ്റി വൂൾഫിന്റെ വീടിനുപിന്നിലാണ് ഇത്തരമൊരു കാഴ്ച അരങ്ങേറിയത്.
ഇവരുടെ വീടിന്റെ പിൻഭാഗത്ത് പക്ഷികൾക്ക് കൂടൊരുക്കുന്നതിനായി ചെറിയൊരു ബോക്സ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഈ ബോക്സിനുള്ളിൽ ഒരു മൂങ്ങ താമസിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ചെറുതായി മഴപെയ്യാൻ തുടങ്ങിയ സമയത്ത് ഈ മൂങ്ങ തന്റെ കൂടിന്റെ വാതിക്കൽ വന്നിരിക്കുന്നത് ലവ്റ ശ്രദ്ധിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ കൂട്ടിനകത്തുനിന്ന് മറ്റൊരു തലയും പുറത്തേക്ക് വന്നു. മൂങ്ങയുടെ കുഞ്ഞായിരിക്കും ഇത് എന്നാണ് ലവ്റ ആദ്യം കരുതിയത്. എന്നാൽ അതിന്റെ ഒരു ഫോട്ടോ എടുത്തുകളയാം എന്നു കരുതി കാമറ എടുത്ത് സൂം ചെയ്തപ്പോൾ ലവ്റ ശരിക്കും ഞെട്ടി. മൂങ്ങയുടെ അടുത്തിരുന്ന് പുറത്തെ കാഴ്ചകാണുന്നത് ഒരു താറാവിൻ കുഞ്ഞായിരുന്നു.
ഇരപിടയനായ മൂങ്ങ ഭക്ഷണത്തിനായാണോ താറാവിൻ കുഞ്ഞിനെ പിടിച്ചുകൊണ്ടുവന്നത് എന്നായി ലവ്റയുടെ സംശയം. അവർ ഉടൻ പക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. മൂങ്ങാ താറാവിൻ കുഞ്ഞിനെ റാഞ്ചിക്കൊണ്ട് വന്നതാകാൻ സാധ്യതയുണ്ടെന്നും താറാവിൻ കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യണമെന്നും സുഹൃത്ത് ലവ്റയോട് പറഞ്ഞു.
സുഹൃത്തിന്റെ വാക്കുകേട്ട് താറാവിൻകുഞ്ഞിനെ രക്ഷിക്കാൻ ചെന്ന ലവ്റ വീണ്ടും ഞെട്ടി. മഴ കഴിഞ്ഞപ്പോൾ താറാവിൻകുഞ്ഞ് മൂങ്ങയുടെ കൂട്ടിൽനിന്ന് ഇറങ്ങി അടുത്തുള്ള നദിയിലേക്ക് പോയി. മൂങ്ങയാകട്ടെ ഇതൊക്കെ കണ്ട് കൂട്ടിൽത്തന്നെ ഇരുന്നു. ഏതായാലും ലവ്റ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്.