ചിങ്ങവനം: നാട്ടകത്തെ ആഡംബര ഹോട്ടലിൽ ഇന്നലെ നടന്ന പോലീസ് നടപടിയിലൂടെ നാട്ടുകാർക്കുണ്ടായിരുന്ന സംശയം മറനീക്കി. ആൾ തിരക്കില്ലാതിരുന്ന ഹോട്ടലിലെ പ്രധാന വരുമാന മാർഗം അനാശാസ്യവും ചീട്ടുകളിയുമായിരുന്നു. നാട്ടകത്ത് എംസി റോഡരികിൽ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റിൽ ഇന്നലെ ഉച്ച കഴിഞ്ഞ് 2.30ഓടെ പോലീസ് വാഹനങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
മണിക്കൂറിന് ആയിരങ്ങൾ വിലപേശിയാണ് പെണ്‍വാണിഭം അരങ്ങു തകർത്തത്. ഉന്നതന്മാരടക്കമുള്ളവരാണ് ഇവിടുത്തെ സ്ഥിരം ഇടപാടുകാർ. നിരവധി പെണ്‍കുട്ടികളെ സ്ഥാപന ഉടമയുടെ ഒത്താശയോടെയാണ് ദിവസവും ഹോട്ടലിൽ എത്തിച്ചിരുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടത്തെ പ്രവർത്തനങ്ങളിൽ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു.
വാഹനങ്ങളിൽ വന്നു പോകുന്ന പെണ്‍കുട്ടികൾ അടക്കമുള്ളവരുടെ ഇടപെടലുകളാണ് സംശയമുണർത്തിയത്.
ഹോട്ടലിൽ പോലീസ് എത്തിയതോടെ നൂറ് കണക്കിനാളുകളാണ് പരിസരത്ത് തടിച്ചു കൂടിയത്. അകത്തെ വിവരങ്ങൾ ഒന്നും പുറത്തറിയാതിരുന്ന നാട്ടുകാർക്കിടയിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളുമായി പുറത്തിറങ്ങാതായതോടെ നാട്ടുകാരിൽ ആശങ്കയും കൂടി.
ഒടുവിൽ രാത്രി 11.30നാണ് പോലീസ് പ്രതികളുമായി പുറത്തിറങ്ങിയത്. സ്ഥാപന ഉടമ പാക്കിൽ പടനിലം സാജൻ അടക്കം അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളുമാണ് പിടിയിലായത്. ഇവരിൽ നിന്നും പണവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സാജൻ അടക്കം അഞ്ച്് പുരുഷന്മാരെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. പിടിലായ സ്ത്രീകളെ തണലിലേക്ക് മാറ്റി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.