ഗള്ഫില് കുടുംബമായി താമസിക്കുന്ന മലയാളികളുള്പ്പെടെയുള്ള മിക്ക കുടുംബങ്ങളും നാട്ടിലേക്ക് പോകുമ്പോള് സ്വന്തം ഫ് ളാറ്റ് വാടകയ്ക്കു കൊടുക്കുക പതിവാണ്. അത് അവര്ക്ക് ഒരു വരുമാനവുമാണ്. ഈ മലയാളി യുവാവും അത്രയേ ചിന്തിച്ചുള്ളൂ. ഇതിനായി ഒരു വെബ്സൈറ്റില് പരസ്യം നല്കി. തുടര്ന്ന് നിരവധി കോളുകള് ഇയാളെ തേടിയെത്തി. ഇതില് കൂടുതല് തുക നല്കാമെന്നു പറഞ്ഞവരുമായി കരാര് ഉറപ്പിക്കുകയും ചെയ്തു. അവര് ഒരു മാസത്തെ വാടക മുന്കൂറായി നല്കുകയും ചെയ്തു. അങ്ങനെ ഈ യുവാവും കുടുംബവും നാട്ടിലേക്ക് പോകുകയും ചെയ്തു.
ജോലിസംബന്ധമായ തിരക്കുകളും മറ്റും കാരണം ഇയാള്ക്ക് വാടകക്കാരനെ വിളിക്കാന് കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞപ്പോള് തൊട്ടടുത്തുള്ള ഗ്രോസറിയില് ജോലി ചെയ്യുന്ന ഒരു പരിചയക്കാരന്റെ ഫോണില് വിളിച്ചു പറഞ്ഞ കാര്യം ആ യുവാവിനെ ഞെട്ടിച്ചു. താന് വാടകയ്ക്കു നല്കിയ ഫ് ളാറ്റ് ഇപ്പോള് പെണ്വാണിഭ കേന്ദ്രമാണെന്നാണ് ആ സുഹൃത്ത് വിളിച്ചറിയിച്ചത്. ദിവസത്തില് ഒന്നോ രണ്ടോ കസ്റ്റമേഴ്സ് മാത്രമാണ് അവിടെ എത്തുന്നത് എന്നതിനാല് പുറത്തുള്ളവര്ക്ക് സംശയവും തോന്നിയിരുന്നില്ല. പോലീസില് പരാതിപ്പെട്ടാല് തനിക്കും പ്രശ്നമാകും എന്നതിനാല് അയാള് വാടകക്കാരനെ വിളിച്ച് ഫ് ളാറ്റ് ഒഴിയുവാന് ആവശ്യപ്പെട്ടാണ് പ്രശ്നത്തില് നിന്നും തടിയൂരിയത്. ഇത്തരത്തില് ഗള്ഫ് രാജ്യങ്ങളില് മലയാളി പെണ്വാണിഭ സംഘങ്ങള് രഹസ്യമായി പ്രവര്ത്തിക്കുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കില് ഈ യുവാവിനെ പോലെ സാധാരണക്കാരായ മലയാളികള് ഇത്തരക്കാരുടെ വലയില് കുടുങ്ങുവാനുള്ള സാധ്യത കൂടിവരികയാണ്.
സുരക്ഷിതമായി തങ്ങളുടെ മാംസവ്യാപാരം നടത്തുന്നതിനുള്ള മാര്ഗമായാണ് പെണ്വാണിഭസംഘങ്ങള് ഷെയറിംഗ് ഫഌറ്റുകളെ കാണുന്നത്. വലിയ വാടക താങ്ങാനാകാത്തതിനാല് ഫാമിലികള് തങ്ങളുടെ ഫ്ളാറ്റിന്റെ ഒരു ഭാഗമോ മുറിയോ മറ്റാര്ക്കെങ്കിലും വാടകക്ക് നല്കുന്നു. ചിലര് കുടുംബത്തെ നാട്ടില് അയച്ചാലും പുതിയ ഒരു ഫ്ളാറ്റ് എടുക്കുമ്പോള് ഉണ്ടാകുന്ന അധിക ചിലവ് കണക്കാക്കിക്കൊണ്ട് കയ്യിലുള്ള ഫ്ളാറ്റ് ഒഴിവാക്കിയിട്ടുണ്ടാകില്ല. ഇത്തരക്കാരും അത് തല്ക്കാലത്തേക്ക് ആര്ക്കെങ്കിലും വാടകക്ക് നല്കുന്നു.
പെണ്വാണിഭ സംഘങ്ങളെ സംബന്ധിച്ച് ഇത്തരം ഇടങ്ങള് സുരക്ഷിതമാണ്. കൂടിയ വാടക നല്കിയായാലും ഇത്തരം ഇടങ്ങളില് താവളം ഉറപ്പിക്കുന്നു. ഭാര്യാ-ഭര്ത്താക്കന്മാര് എന്ന വ്യാജേന ഉടമയെ സമീപിച്ച് അവര് താമസം ആരംഭിക്കുന്നു. പലപ്പോഴും ഭാര്യയും ഭര്ത്താവും ജോലിക്കു പോകുന്ന ഫ് ളാറ്റുകള് ആകും ഇത്തരക്കാര് നോട്ടമിടുക. ഭര്ത്താവിനു ജോലി സെയില്സിലാണ് അതിനാല് കൃത്യ സമയത്തിനു ഓഫീസില് പോകേണ്ടതില്ല എന്നെല്ലാമുള്ള സൂത്രങ്ങള് ഇവര് പ്രയോഗിക്കും. നാട്ടില് നിന്നും എത്തിയ ‘ഭാര്യയെ’കാണുവാന് ബന്ധുക്കള് എന്ന രീതിയിലായിരിക്കും കസ്റ്റമേഴ്സ് എത്തുക. സ്വാഭാവികമായും ചുറ്റുപാടുള്ളവര് കൂടുതല് ശ്രദ്ധിക്കുകയും ഇല്ല. ഇത്തരക്കാര് പിടിക്കപ്പെട്ടാല് പണികിട്ടുന്നതാവട്ടെ ഫ് ളാറ്റ് ഉടമകള്ക്കും. ഫ്ളാറ്റില് പാര്ട്ടീഷന് നടത്തിയോ അല്ലാതെയോ ഒന്നിലധികം കുടുംബങ്ങള്’ ഷെയറിംഗ്’ ആയി താമസിക്കുന്നത് പല ഗള്ഫ് രാജ്യങ്ങളിലും അനധികൃതമായാണ് കണക്കാക്കുന്നത്. അതോടൊപ്പം അനാശാസ്യം കൂടെ നടന്നാല് കര്ശനമായ നിയമനടപടികള് അഭിമുഖീകരിക്കേണ്ടിവരും.
സന്ദര്ശക വിസയില് ഗള്ഫിലെത്തുന്ന മലയാളി യുവതികള് അനാശാസ്യകേന്ദ്രങ്ങളിലെത്തപ്പെടുന്ന സംഭവങ്ങള് ഏറിവരികയാണ്.നേരത്തെ അതീവ രഹസ്യമായാണ് പെണ്വാണിഭ സംഘങ്ങള് പ്രവര്ത്തിച്ചിരുന്നതെങ്കില് ഇപ്പോള് മസാജ് സെന്ററുകളുടെ മറവിലും പ്രവര്ത്തിക്കുന്നുണ്ട്. യു.എ.ഇയില് മസാജ് സെന്ററുകള് ദിനം പ്രതി വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവയില് ഒട്ടുമിക്കവയും അനധികൃതമായാണ് പ്രവര്ത്തിക്കുന്നത്.
അംഗീകാരമുള്ള മസാജ് സെന്ററുകളില് ബോര്ഡും ലൈസന്സും ഒപ്പം അവരുടെ കാര്ഡുകളില് കെട്ടിടത്തിന്റെയും സ്ഥാപനത്തിന്റെയും പേരും ടെലിഫോണ് നമ്പറും ലൊക്കേഷനും കൃത്യമായി രേഖപ്പെടുത്താറുണ്ട്. എന്നാല് അനധികൃത മസാജ് കേന്ദ്രങ്ങളുടെ കാര്ഡുകളില് ഇതൊന്നും ഉണ്ടാകില്ല. ഇത്തരക്കാര് വിതരണം ചെയ്യുന്ന കാര്ഡുകളില് ടെലിഫോണ് നമ്പര് മാത്രമാകും ഉണ്ടാകുക. തായ്ലന്ഡ്, ഫിലിപ്പീന്സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവരാണ് മസാജ് സെന്ററുകളിലെ ജോലിക്കാരില് അധികവും. ഇപ്പോള് മലയാളി യുവതികള് മസാജ് ചെയ്യുന്ന കേന്ദ്രങ്ങളും വന് തോതില് വര്ദ്ധിച്ചിട്ടുണ്ട്. പൊതുവില് മലയാളിയുവതികളുടെ സേവനത്തിനു ചാര്ജ്ജ് കൂടുതലാണ്. പലരും വിതരണം ചെയ്യുന്ന കാര്ഡുകളില് പ്രത്യേകം ഇത് എഴുതിയിട്ടുമുണ്ട്. സോളാര്, കേരള മസാജ്, മലബാര് മസാജ്, തുടങ്ങി അടുത്തിടെ കോട്ടക്കല് എന്ന പേരില് പോലും മസാജ് സെന്ററുകള് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില് അംഗീകാരമുള്ളതേത് അംഗീകാരമില്ലാത്തതേത് എന്നു തിരിച്ചറിയാന് ബുദ്ധിമുട്ടാണെന്നതാണ് മറ്റൊരു കാര്യം.